ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റയുടെ വിപണി മൂല്യത്തില്‍ വന്‍ ഇടിവ്. മെറ്റയുടെ ഓഹരികള്‍ക്ക് 25 ശതമാനം ഇടിവാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. വിപണി മൂല്യത്തില്‍ ഇത് കമ്പനിക്കുണ്ടാക്കിയിരിക്കുന്നത് 23,000 കോടി അമേരിക്കന്‍ ഡോളറിന്‍റെ ഇടിവാണ്.
സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞ വരുമാനമാണ് മെറ്റ നേടിയത്. ഫേസ്ബുക്കിന്‍റെ ഉപഭേക്താക്കളുടെ വളര്‍ച്ച നിരക്കിലും കുറവുണ്ടായി. ഈ കണക്കുകളാണ് ഓഹരി വിപണയില്‍ പ്രതിഫലിച്ചത്.
മെറ്റ ഓഹരികള്‍ക്കുണ്ടായ ഈ വന്‍ ഇടിവിന് ശേഷം കമ്പനി സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ ആസ്ഥിയില്‍ 23.34ശതമാനം കുറവ് സംഭവിച്ചു. ഫോര്‍ബ്സിന്‍റെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ 12 സ്ഥനത്താണ് ഇപ്പോള്‍ സുക്കര്‍ബര്‍ഗ്. ഇന്ത്യയുടെ മുകേഷ് അംബാനി, ഗൗതം അദാനി എന്നിവരെക്കാള്‍ താഴെയാണ് സുക്കര്‍ബര്‍ഗിന്‍റെ ഇപ്പോഴത്തെ സ്ഥാനം.
മെറ്റ അവരുടെ വരുമാന അവലോകന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത് കമ്പനിക്ക് ഏറ്റവും ലാഭം ലഭിക്കുന്ന സേവനങ്ങള്‍ ഉപഭേക്താക്കള്‍ കുറഞ്ഞസമയം മാത്രം ഉപയോഗിക്കുന്നു. അതുകൊണ്ട് തന്നെ കമ്പനിയുടെ വരുമാന വര്‍ധന നിരക്കില്‍ കുറവുണ്ടാകുമെന്നാണ്. കഴിഞ്ഞവര്‍ഷം ആപ്പിള്‍ അവരുടെ ഫോണുകളില്‍ സ്വകാര്യത സംരക്ഷിക്കാനായി കൊണ്ടുവന്ന പുതിയമാറ്റങ്ങള്‍ മെറ്റയുടെ പരസ്യ വരുമാനം കുറച്ചെന്നും കമ്പനി കണ്ടെത്തി. ആയിരം കോടി അമേരിക്കന്‍ ഡോളറിന്‍റെ നഷ്ടമാണ് പരസ്യവരുമാനത്തില്‍ ഉണ്ടായത്.
10ലക്ഷത്തോളം ദിനംപ്രതി ഉപഭോക്താക്കളാണ് മെറ്റയ്ക്ക് നഷ്ടപ്പെടുന്നത്. കമ്പനിയുടെ ഏറ്റവും ലാഭകരമായ രണ്ട് വിപണികളായ അമേരിക്കയിലും കാനഡയിലും കമ്പനിക്ക് വളര്‍ച്ച മുരടിപ്പാണ്. ഈ കണക്കുകളാണ് ഫേസ്ബുക്കിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി തകര്‍ച്ചയ്ക്ക് കാരണമായത്.
വി.ആര്‍ ഹെഡ്സെറ്റുകള്‍, എ.ആര്‍ ഗ്ലാസസ് എന്നീ ഉത്പന്നങ്ങളുടെ വികസനത്തിലൂടെ വളര്‍ച്ചയുടെ ഒരു പുതിയ ഘട്ടത്തിന് തുടക്കമിടാനാണ് സുക്കര്‍ബര്‍ഗിന്‍റെ നേതൃത്വത്തിലുള്ള മെറ്റ മാനേജ്മെന്‍റ് പദ്ധതിയിടുന്നത്. ഇത്തരത്തിലുള്ള വെര്‍ച്വല്‍ റിയാലിറ്റിയില്‍ അധിഷ്ഠിതമായ ഉത്പന്നങ്ങളുടെ നിരയെ 'മേറ്റാവേഴ്‌സ്' എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. എന്നാല്‍ ഈ 'മേറ്റാവേഴ്സ്' പദ്ധതി ആവിഷ്കരണം അത്ര സുഗമമായല്ല പോകുന്നത് എന്ന സൂചനയാണ് സുക്കര്‍ബര്‍ഗ് തന്നെ നല്‍കുന്നത്. " ഞങ്ങളുടെ ദിശ എങ്ങോട്ടാണ് എന്ന് വളരെ വ്യക്തമാണെങ്കലും, അതിലേക്കുള്ള പാത അവ്യക്തമാണ്", എന്നാണ് ഇതിനെ കുറിച്ച് സുക്കര്‍ബര്‍ഗ് പ്രതികരിച്ചത്.
ടിടോക്കിന് ബദലായി യുവാക്കളെ ആകര്‍ഷിക്കാനായി അവതരിപ്പിച്ച റീല്‍സില്‍ നിന്ന് കമ്പനിക്ക് പ്രതീക്ഷിച്ചത്ര വരുമാനം ലഭിക്കുന്നില്ല. ന്യൂസ് ഫീഡ്, സ്റ്റോറീസ് എന്നീ ഫീച്ചേഴ്സില്‍ നിന്നും കമ്പനിക്ക് ലഭിച്ച വരുമാനം റീല്‍സില്‍ നിന്ന് ലഭിക്കുന്നില്ല എന്ന് കമ്പനി വിലയിരുത്തുന്നു.
ഗൂഗിളിന്‍റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന്‍റെ വരുമാനം വര്‍ധിക്കുമ്പോഴാണ് ഫേസ്ബുക്കിന്‍റെ മാതൃകമ്പനിയായ മെറ്റയുടെ വരുമാനം കുറയുന്നു എന്നുള്ളതും ശ്രദ്ധേയമാണ്. സ്വകാര്യതയെ മുന്‍നിര്‍ത്തി ആപ്പിള്‍ വരുത്തിയ മാറ്റങ്ങള്‍ മെറ്റയുടെ വരുമാനം കുറച്ചു. ആപ്പുകള്‍ക്ക് ആപ്പിള്‍ ഫോണ്‍ ഉപഭോക്താക്കളുടെ സമ്മതമുണ്ടെങ്കില്‍ മാത്രമെ അവരുടെ ഓണ്‍ലൈനിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും അത് മറ്റ് ആപ്പുകള്‍ക്ക് പങ്കു വയ്ക്കാനും സാധിക്കുകയുള്ളൂ. ഇത് ഫേസ്ബുക്കുള്‍പ്പെടെയുള്ള മെറ്റയ്ക്ക് കീഴിലുള്ള സമൂഹമാധ്യമ കമ്പനികളുടെ വരുമാനം കുറച്ചു. ഓണ്‍ലൈന്‍ നിരീക്ഷണത്തിലൂടെ ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ മനസിലാക്കി കൊണ്ടാണ് മെറ്റ പരസ്യങ്ങള്‍ വില്‍ക്കുന്നത്. ഇതിനാണ് ആപ്പിളിന്‍റെ പുതിയ സ്വകാര്യത നയം വലിയ തിരിച്ചടി നല്‍കിയത്.
ALSO READ: എന്താണ് ഡിജിറ്റല്‍ രൂപ, അതെങ്ങനെ പ്രവര്‍ത്തിക്കുന്നു? അറിയേണ്ടതെല്ലാം