ന്യൂഡല്‍ഹി: മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലേക്ക് ആറ് പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് ഇന്‍റിഗോ എയര്‍ലൈന്‍സ്. ഈ ശ്രേണിയിലെ ആദ്യ സര്‍വീസ് ജൂലൈ ഇരുപത്തിയഞ്ചിന് ആരംഭിക്കും. ഡല്‍ഹിയില്‍ നിന്ന് ജിദ്ദയിലേക്കായിരിക്കും ആദ്യ സര്‍വീസ് നടത്തുക. പിന്നാലെ ആഗസ്റ്റ് അഞ്ചിന് മുംബൈയില്‍ നിന്ന് കുവൈത്തിലേക്കും സര്‍വീസ് ആരംഭിക്കും.
മുംബൈക്കും ദുബായ്ക്കും ഇടയില്‍ മൂന്നാമത്തെ ദിവസേന നോണ്‍ സ്റ്റോപ് വിമാന സര്‍വീസ് നടത്താനും കമ്പനി ആലോചിക്കുന്നുണ്ട്. മറ്റ് റൂട്ടുകള്‍ ഏതെല്ലാമാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. പുതിയ സര്‍വീസിലൂടെ അന്താരാഷ്ട്ര സര്‍വീസുകള്‍ വികസിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ജെറ്റ് എയര്‍വേയ്‌സ് താല്‍ക്കാലികമായി സര്‍വ്വീസുകള്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ ഭൂരിഭാഗം വിമാനക്കമ്പനികളും തങ്ങളുടെ സര്‍വീസുകള്‍ വര്‍ധിപ്പിച്ചിരുന്നു. പുതിയ സര്‍വീസുകള്‍ വഴി ഇന്ത്യയിലെ വ്യാപാരം, ടൂറിസം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ സാധിക്കുമെന്നും ഇതുവഴി ഇന്ത്യയുടെ സാമൂഹിക-സാമ്പത്തിക വളർച്ചക്ക് സംഭാവനകള്‍ നൽകാൻ സാധിക്കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്നും ജെറ്റ് എയര്‍വേയ്സ് ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വില്യം ബോൾട്ടർ പറഞ്ഞു.