ന്യൂഡൽഹി: രാജ്യത്തിന്‍റെ വികസിക്കുന്ന സമ്പദ്‌വ്യവസ്ഥയും വളരുന്ന മധ്യവർഗവും വ്യോമയാന രംഗത്തെ വളർച്ചയ്‌ക്ക് കാരണമാകുമെന്ന് പ്രമുഖ വിമാന നിർമാതാക്കളായ ബോയിങ്. അടുത്ത 20 വർഷത്തിൽ ഇന്ത്യയിൽ 2,200 ലധികം പുതിയ ജെറ്റുകളുടെ ആവശ്യം ഉണ്ടാകുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടൽ. ഏകദേശം 320 ബില്യണ്‍ ഡോളറിന്‍റെ ഇടപാടാകും ഇത്. വാണിജ്യ വിമാനങ്ങൾക്കും സേവനങ്ങൾക്കുമായുള്ള കൊമേഴ്‌സ്യൽ മാർക്കറ്റ് ഔട്ട്ലുക്കിന്‍റെ ഭാഗമായാണ് ബോയിംഗ് ഇന്ത്യയിലെ വിമാന യാത്രയിലുണ്ടാകുന്ന വർധനവിനെക്കുറിച്ച് പഠനം നടത്തിയത്.
കൊവിഡ് വ്യാപനം രാജ്യത്തെ വിമാന യാത്രികരുടെ എണ്ണത്തെ കാര്യമായി ബാധിച്ചിരുന്നു. ലോക്ക് ഡൗണിന് ശേഷം ആഭ്യന്തര വിമാന യാത്രികരുടെ എണ്ണത്തിൽ ഉള്ള വർധന ശുഭസൂചനയാണ് നൽകുന്നത്. രോഗവ്യാപനത്തിന് മുമ്പ് ഉണ്ടായിരുന്ന യാത്രികരുടെ എണ്ണത്തിന്‍റെ 76 ശതമാനത്തിലേക്ക് ആഭ്യന്തര യാത്രക്കാരുടെ എണ്ണം തിരിച്ചെത്തി. വിമാന യാത്രികരുടെ എണ്ണത്തിൽ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ മാർക്കറ്റ് ആണ് ഇന്ത്യയുടേത്. ബോയിങ്ങിന്‍റെ പഠനത്തിൽ 5% വളർച്ചയാണ് ഇന്ത്യൻ സാമ്പത്തിക രംഗത്ത് പ്രതീക്ഷിക്കുന്നത്. കൊവിഡ് ദീർഘകാല വെല്ലുവിളിയായി തുടരുമ്പോൾ തന്നെ രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണം ആഗോള വളർച്ചയെ മറികടക്കുമെന്നാണ് കണക്കുകൂട്ടൽ. 2030 ഓടെ കൊവിഡിന് മുമ്പുണ്ടായിരുന്നതിൽ നിന്ന് യാത്രക്കാരുടെ എണ്ണം ഇരട്ടിയാകുമെന്നും പഠനത്തിൽ പറയുന്നു.
ഇന്ത്യയുടെ ഉത്പാദന, ഇ-കൊമേഴ്‌സ് മേഖലകൾ വ്യോമയാന ചരക്ക് നീക്കത്തിലും വളർച്ച ഉണ്ടാക്കും. അടുത്ത 20 വർഷത്തിനുള്ളിൽ പ്രതിവർഷം ശരാശരി 6.3 % ആണ് രാജ്യത്തെ വ്യോമ മാർഗമുള്ള കാർഗോ നീക്കത്തിന്‍റെ വളർച്ച പ്രതീക്ഷിക്കുന്നത്. മെയ്ക്ക് ഇൻ ഇന്ത്യ സംരംഭം ആഭ്യന്തര വിപണിയിലെ ആഗോള ശരാശരി ചരക്ക് ഗതാഗത വളർച്ചയെ ഉയർത്തും. ഇന്ത്യൻ വിമാനക്കമ്പനികൾക്ക് അന്താരാഷ്ട്ര വിപണിയിൽ സാധ്യതകൾ ഉണ്ടെന്ന് ബോയിങ് റീജിണൽ മാർക്കറ്റിംഗ് ഡയറക്‌ടർ ഡേവിഡ് ഷുൾട്ടെ പറഞ്ഞു. നിരവധി വിമാനക്കമ്പനികൾ ഇന്ത്യയ്ക്കും വടക്കേ അമേരിക്കയ്ക്കുമിടയിൽ നോണ്‍-സ്റ്റോപ്പ് ഫ്ലൈറ്റുകൾ ആരംഭിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. അടുത്ത 20 വർഷത്തിനുള്ളിൽ 90,000 പുതിയ പൈലറ്റുമാർ, ടെക്നീഷ്യൻമാർ, ക്യാബിൻ ക്ര്യൂ ഉദ്യോഗസ്ഥർ എന്നിവരെ രാജ്യത്ത് ആവശ്യമായി വരും. ഏവിയേഷൻ ഒരു കരിയറായി തെരഞ്ഞെടുക്കുന്ന സ്ത്രീകളുടെ എണ്ണവും രാജ്യത്ത് വർധിക്കുകയാണെന്ന് ഡേവിഡ് ഷുൾട്ടെ പറഞ്ഞു.
വ്യോമയാന മേഖലയിലെ മാനുഫാക്‌ച്ചറിങ്ങ്- സർവ്വീസ് രംഗത്തെ വളർച്ച ഇന്ത്യയെ ഒരു ഏയ്‌റോ സ്പെയ്‌സ് ഹബ്ബ് ആക്കി മാറ്റുമെന്ന് ബോയിംഗ് ഇന്ത്യ പ്രസിഡന്‍റ് സലിൽ ഗുപ്‌ത പറഞ്ഞു. തുടർച്ചയായുള്ള നിക്ഷേപം സുസ്ഥിര വളർച്ചയ്ക്ക് സഹായകമാകുമെന്നതിനാൽ രാജ്യത്തെ എയ്‌റോസ്‌പേസ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആഗോള തലത്തിൽ അടുത്ത രണ്ട് ദശകത്തിൽ 9 ട്രില്യൺ ഡോളറിന്‍റെ അതായത് ഏകദേശം 43,110 പുതിയ വാണിജ്യ വിമാനങ്ങളുടെ ആവശ്യകത ഉണ്ടാകുമെന്നാണ് ബോയിങ്ങിന്‍റെ വിലയിരുത്തൽ.