ഹൈദരാബാദ്: സമൂഹ മാധ്യമങ്ങൾക്ക് പിന്നാലെ ഓണ്‍ലൈൻ വ്യാപാര സ്ഥാപനങ്ങളെ( ഈ- കൊമേഴ്‌സ് കമ്പനികൾ) നിയന്ത്രിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. പുതിയ നിർദേശങ്ങൾ നയത്തിന്‍റെ കരട് രേഖ കേന്ദ്ര ഉപഭോക്തൃ മന്ത്രാലയം പുറത്തിറക്കി. ആമസോണ്‍, ഫ്ലിപ്‌കാർട്ട് തുടങ്ങിയ ഓൺലൈൻ ഭീമന്മാരിൽ നിന്ന് സാധാരണ കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും സംരക്ഷണം ഏർപ്പെടുത്തുകയാണ് പുതിയ നയത്തിന്‍റെ ലക്ഷ്യം.
Also Read:അഫ്ഗാൻ വിഷയം; യുഎൻ സുരക്ഷാ സമിതിയിൽ എസ് ജയ്‌ശങ്കർ നാളെ സംസാരിക്കും
ഫ്ലാഷ് സെയിലുകൾക്ക് നിയന്ത്രണം
വലിയ ഓഫറുകൾ അവതരിപ്പിച്ച് ഓണ്‍ലൈൻ വ്യാപാര സ്ഥാപനങ്ങൾ നടത്തുന്ന ഫ്ലാഷ് സെയിലുകളെ നിയന്ത്രിക്കും. സാധാരണ ഉത്സവ നാളുകളിലെ ഓഫർ സെയിലുകൾക്ക് തടസമില്ല. എന്നാൽ തുടർച്ചയായി ഫ്ലാഷ് സെയിലുകൾ നടത്തുന്നതും അസാധാരണ ഇളവുകൾ പ്രഖ്യാപിക്കുന്നതും വിലക്കും.
ഉല്പന്നങ്ങൾ ഏത് രാജ്യത്ത് നിന്നാണെന്ന് രേഖപ്പെടുത്തണം
സൈറ്റുകളിലെത്തുന്ന ഉല്പന്നങ്ങൾ ഏതു രാജ്യത്ത് നിന്നുള്ളതാണെന്ന് പ്രത്യേകം രേഖപ്പെടുത്തണം. രാജ്യം നോക്കി സാധനങ്ങൾ തെരഞ്ഞെടുക്കാനുള്ള ഫിൽറ്റർ സൗകര്യവും സൈറ്റുകൾ ഏർപ്പെടുത്തണം. കൂടാതെ ഇറക്കുമതി ചെയ്‌തവ ഉപഭോക്താവ് തെരഞ്ഞെടുക്കുകയാണെങ്കിൽ അതിന് ബദലായ ആഭ്യന്തര ഉത്പന്നങ്ങളുടെ വിവരങ്ങൾ നൽകണമെന്നും പുതിയ കരട് നിയമത്തിൽ പറയുന്നു. ആഭ്യന്തര ഉത്പന്നങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ ഓണ്‍ലൈൻ വ്യാപാര സ്ഥാപനങ്ങളെ പ്രേരിപ്പിക്കുകയാണ് ലക്ഷ്യം.
മറ്റു പ്രധാന നിർദേശങ്ങൾ
ഏതെങ്കിലും ഒരു പ്രത്യേക കമ്പിനിയുടെ ഉത്പന്നങ്ങൾക്ക് പ്രാധാന്യം നൽകുന്നത് അവസാനിപ്പിക്കണമെന്നും ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകരുതെന്നും നിർദ്ദേശമുണ്ട്. വില്പനക്കാരുടെ അനാസ്ഥമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഷോപ്പിങ് സൈറ്റുകൾ ഉത്തരവാദികൾ ആയിരിക്കുമെന്നും കരട് പറയുന്നു.
Also Read: 26/11 ഭീകരാക്രമണം: തഹവൂർ റാണയെ ഇന്ത്യക്ക് കൈമാറാനുള്ള വാദം വ്യാഴാഴ്ച
കൂടാതെ അനുബന്ധ സ്ഥാപനങ്ങളെ സൈറ്റുകളിൽ നേരിട്ടുള്ള വിൽപ്പനക്കാരായി ലിസ്റ്റ് ചെയ്യരുതെന്നും നിർദേശമുണ്ട്. നിലവിൽ ഫ്ലിപ്‌കാർട്ട് പോലുള്ളവർ സ്വന്തം ഉത്പന്നങ്ങൾ സൈറ്റിൽ വില്പന നടത്തുന്നുണ്ട്. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് തങ്ങളുടെ പ്ലാറ്റ്ഫോമിൽ വിൽപനക്കാരനായി രജിസ്റ്റർ ചെയ്തിട്ടുള്ള വ്യക്തികൾക്ക് സാധന- സേവനങ്ങൾ വിൽക്കുന്നതും നിയമം തടയുന്നു. പുതിയ കരട് നിയമത്തിന്മേൽ ജൂലൈ ആറുവരെ സ്ഥാപനങ്ങൾക്കും പൊതു ജനങ്ങൾക്കും അഭിപ്രായം അറിയിക്കാമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.