ന്യൂഡല്‍ഹി: ജൂലൈ 19 മുതല്‍ ഏഴ് പുതിയ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ ആരംഭിക്കുമെന്ന് ബജറ്റ് എയർലൈന്‍സ് ഗ്രൂപ്പായ ഗോ എയര്‍. കേരളത്തില്‍ കണ്ണൂരില്‍ നിന്നാണ് പുതിയ സര്‍വ്വീസ് ആരംഭിക്കുന്നത്. ദുബായ്, അബുദബി, മസ്‌കറ്റ്, ബാങ്കോക്ക്, കുവൈറ്റ് എന്നിവടങ്ങളിലേക്ക് പ്രതിദിന സര്‍വീസുകളാണ് പുതിയതായി ആരംഭിക്കുന്നത്.
കണ്ണൂര്‍, മുംബൈ, ദില്ലി എന്നിവിടങ്ങളില്‍ നിന്നായിരിക്കും സര്‍വ്വീസുകള്‍ ആരംഭിക്കുക. ദുബായിലേക്കും കുവൈത്തിലേക്കുമുള്ള സര്‍വ്വീസുകളാണ് കണ്ണൂരില്‍ നിന്ന് ഉണ്ടാകുക. അതേ സമയം അബുദബി, ബാങ്കോക്ക് എന്നിവിടങ്ങളിലേക്കുള്ള സര്‍വ്വീസ് മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ആയിരിക്കും. മസ്‌കറ്റിലേക്കുള്ള സര്‍വ്വീസ് ഡല്‍ഹിയില്‍ നിന്ന് മാത്രമായിരിക്കുമെന്നും എയര്‍ലൈന്‍സ് അറിയിച്ചു. റെഗുലേറ്ററി അതോറിറ്റിയുടെ അനുമതി ലഭിച്ച ശേഷമായിരിക്കും സര്‍വ്വീസുകള്‍ക്ക് തുടക്കമാകുക.
ബാങ്കോക്ക്, ദുബായ്, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് ഗോ എയര്‍ ആദ്യമായാണ് സര്‍വീസ് നടത്തുന്നത്. പുതിയ സര്‍വ്വീസിലൂടെ മിഡില്‍ ഈസ്റ്റിലും വടക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും കമ്പനിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഗോ എയര്‍ എംഡിയും ആക്ടിങ് സിഇഒയുമായ ജെഹ് വാഡിയ പറഞ്ഞു.