മുൻകൂർ നികുതി റദ്ദാക്കാനുള്ള തീരുമാനം, യുപിഎ സർക്കാർ എടുത്ത തെറ്റായ നിലപാട് തിരുത്തിക്കൊണ്ടുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇൻഡസ്ട്രി ബോഡി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസിന്റെ (സിഐഐ) 75 -ാമത് വാർഷിക യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More: കെയ്‌ൻ എനർജീസിന് ഇന്ത്യ ഒരു ബില്യണ്‍ ഡോളർ തിരികെ നൽകുമെന്ന് റിപ്പോർട്ട്
മുൻ സർക്കാരുകളുടെ നികുതി നയങ്ങൾ നിക്ഷേപകർക്കിടയില്‍ ആത്മവിശ്വാസം കെടുത്തുന്നതായിരുന്നു. ഈ സർക്കാർ നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുത്തെന്നും പ്രധാനമന്ത്രി പറഞ്ഞു.
മുൻകൂർ നികുതി റദ്ദാക്കിയ സർക്കാർ തീരുമാനത്തെ വ്യവസായ മേഖല പ്രശംസിക്കുകയാണ്. ഈ നീക്കം സർക്കാരും- നിക്ഷേപകരുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് അഞ്ചിനാണ് ലോക്‌സഭ മുൻകൂർ നികുതി റദ്ദാക്കിക്കൊണ്ടുള്ള നികുതി നിയമം(ഭേദഗതി)ബിൽ-2021 പാസാക്കിയത്. ഇതോടെ വൊഡാഫോണും കെയ്‌ൻ എനർജീസുമായി ഉണ്ടായിരുന്ന നികുതി തർക്കം ഉൾപ്പടെ 17 കേസുകളാണ് സർക്കാർ പിൻവലിച്ചത്.
ഈ കമ്പനികളിൽ നിന്ന് സർക്കാർ ഈടാക്കിയ അധിക നികുതി പിൻവലിക്കും. അതേസമയം പലിശ, വ്യവഹാര ചെലവ് തുടങ്ങിയവ കമ്പനികൾക്ക് സർക്കാർ നൽകില്ല. കൊവിഡിനെ തുടർന്ന് തകർന്നടിഞ്ഞ സമ്പദ്‌വ്യവസ്ഥയെ കരകയറ്റാൻ വിദേശ മൂലധനം ആവശ്യമാണെന്നിരിക്കെ സർക്കാർ എടുത്ത തീരുമാനം ശ്രദ്ധേയമായിരുന്നു.
മുൻകൂർ നികുതി കേസുകളെ തുടർന്ന് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ നിക്ഷേപ സൗഹൃദ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയിരുന്നു. മോദി സർക്കാരിന് കീഴിൽ കഴിഞ്ഞ വർഷം വൊഡഫോണിനും കെയ്‌ൻ എനർജിക്കും എതിരായ കേസുകൾ ഇന്ത്യ തോറ്റിരുന്നു.
ഇതും അന്താരാഷ്ട്ര കോടതികളിലും ആർബിട്രേഷൻ ട്രിബ്യൂണലുകളിലും തുടരുന്ന ഇത്തരം കേസുകൾ അവസാനിപ്പിക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചതായി വേണം വിലയിരുത്താൻ.
മുൻകൂർ നികുതി
മൻമോഹൻ സിങ് സർക്കാരിന്‍റെ കാലത്ത് 2012ലാണ് മുൻകൂർ നികുതി ഇന്ത്യയിൽ നടപ്പാക്കുന്നത്. കേന്ദ്ര ധനമന്ത്രിയായിരുന്ന പ്രണബ് മുഖർജി ആണ് നികുതി ഭേദഗതിയിലൂടെ മുൻകൂർ നികുതി കൊണ്ടുവരുന്നതിന് ചുക്കാൻ പിടിച്ചത്.
വൻകിട കമ്പനികളുടെ സ്വത്ത് കൈമാറ്റം പ്രത്യേകിച്ച് വിദേശ കമ്പനികൾ ഇന്ത്യയിൽ നടത്തുന്ന സ്വത്തിടപാടുകൾക്ക് മുൻകൂർ പ്രാബല്യത്തോടെ നികുതി ഈടാക്കുകയായിരുന്നു സർക്കാർ ലക്ഷ്യം
മൻമോഹൻ സർക്കാറും വൊഡാഫോണും
ഹച്ചിസണ്‍ കമ്പനിയെ 2007ൽ ഇംഗ്ലണ്ട് ആസ്ഥാനമായ വൊഡാഫോണ്‍ ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് നികുതി തർക്കങ്ങളുടെ തുടക്കം. ഇടപാടിലൂടെ വൊഡാഫോണ്‍ 7,990 കോടിയുടെ നികുതി അടയ്‌ക്കാൻ സർക്കാർ ആവശ്യപ്പെട്ടു.
തുടർന്ന് കമ്പനിയുടെ ഇടപാട് ഇന്ത്യൻ സർക്കാരിന്‍റെ പരിധിയില്‍ വരുന്നതല്ലെന്ന് വൊഡാഫോണ്‍ വാദിച്ചു. സുപ്രീംകോടതി വിധിയും അവര്‍ക്ക് അനുകൂലമായിരുന്നു. ഈ കേസിലെ തിരിച്ചടിയാണ് മുൻകൂർ നികുതി കൊണ്ടുവരാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.