ബെംഗളൂരു: കാലിഫോർണിയ ആസ്ഥാനമായുള്ള ഓൺലൈൻ റീഡിങ് പ്ലാറ്റ്‌ഫോം എപ്പിക്കിനെ ബൈജൂസ് ഏറ്റെടുത്തു. 500 മില്യണ്‍ ഡോളറിന്‍റെ ഇടപാടിലൂടെയാണ് എപ്പിക്കിനെ ബൈജൂസ് സ്വന്തമാക്കിയത്. യുഎസിൽ ബൈജൂസ് നടത്തുന്ന രണ്ടാമത്തെ നിക്ഷേപമാണിത്. 2019ൽ വിദ്യാഭ്യാസ ഗെയിമിങ് സ്റ്റാർട്ടപ്പ് ഓസ്മോയെ ബൈജൂസ് ഏറ്റെടുത്തിരുന്നു.
Also Read: ബഹിരാകാശ യാത്രയെ മൂന്ന് വാക്കിൽ ഒതുക്കി ജെഫ് ബസോസ്
എപ്പിക്കിനെ ഏറ്റെടുക്കുന്നതിലൂടെ യുഎസ് മാർക്കറ്റിലെ സാന്നിധ്യം വർധിപ്പിക്കുന്നതിനൊപ്പം വായന മേഖലയിലേക്ക് കൂടി കടക്കുകയാണ് ബൈജൂസ്. പ്രധാനമായും 12 വയസിന് താഴെയുള്ള വായനക്കാർക്കുള്ള ഡിജിറ്റൽ ലൈബ്രറി സേവനമാണ് എപ്പിക് നൽകുന്നത്. ഉടൻ തന്നെ ഇന്ത്യയിലും ഇംഗ്ലീഷ് സംസാരിക്കുന്ന ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലൻഡ് തുടങ്ങിയ മറ്റ് വിപണികളിലും എപ്പിക്കിന്‍റെ സേവനം ലഭ്യമാകും.
എന്നാൽ എപ്പിക് സിഇഒ സുരേൻ മാർക്കോസിയനും സഹസ്ഥാപകൻ കെവിൻ ഡൊണാഹ്യൂവും നിലവിലെ സ്ഥാനങ്ങളിൽ തുടരും. യുബിഎസ് ഗ്രൂപ്പ്, അബുദാബി സോവറിൻ ഫണ്ട് എഡിക്യു, ബ്ലാക്ക്സ്റ്റോൺ ഗ്രൂപ്പ് എൽപി എന്നിവയിൽ നിന്നും ബൈജൂസ് അടുത്തിടെ 1.5 ബില്യൺ ഡോളർ സമാഹരിച്ചിരുന്നു. നിലവിൽ 16.5 ബില്യൺ ഡോളറാണ് ബൈജൂസിന്‍റെ ആസ്ഥി.