തൊഴിലിടങ്ങളിലെ സ്ത്രീ ശാക്തീകരണത്തിന്‍റെ ഭാഗമായി കേരളത്തിൽ വനിതകൾ മാത്രമുള്ള വിതരണ കേന്ദ്രങ്ങൾ പ്രഖ്യാപിച്ച് ആമസോൺ. പത്തനംതിട്ട ജില്ലയിലെ ആറന്മുളയിലും തൃശൂരിലെ കൊടുങ്ങല്ലൂരിലുമാണ് വനിതകൾ മാത്രമുള്ള വിതരണ കേന്ദ്രങ്ങൾ തുടങ്ങിയത്. കമ്പനിയുടെ ഡെലിവറി പാർട്‌ണർമാർക്കാണ് വിതരണ കേന്ദ്രങ്ങളുടെ സംരക്ഷണ ചുമതല.
Also Read: കാറുകൾ വിലക്കുറവിൽ വാങ്ങാം ; ജൂലൈയില്‍ ഓഫറുകളുമായി മാരുതി
വിതരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നത് വഴി അമ്പതിലധികം സ്ത്രീകൾക്കാണ് തൊഴിൽ ലഭിക്കുക. മാനേജർ, ഡെലിവറി അസോസിയേറ്റ് തുടങ്ങി എല്ലാവരും സ്ത്രീകളായിരിക്കും. കൂടാതെ ഉപഭോക്തൃ സേവനം, സാങ്കേതികവിദ്യ, സുരക്ഷ എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ ഇവർക്ക് പരിശീലനവും നൽകും. ജോലിക്കെത്തുന്ന സ്ത്രീകളെ സഹായിക്കുന്നതിനായി ഒരു ഹെൽപ്‌ലൈൻ നമ്പറും ആമസോണ്‍ ആരംഭിച്ചിട്ടുണ്ട്.
ലോജിസ്റ്റിക് മേഖലയിലെ സ്ത്രീകൾക്ക് അവസരങ്ങൾ വർധിപ്പിക്കുകയാണ് ആമസോൺ ഇന്ത്യയുടെ ലക്ഷ്യം. ചെന്നൈ, ഗുജറാത്തിലെ കാഡി എന്നിവിടങ്ങളിൽ ഇതിനകം തന്നെ വനിതകൾ മാത്രമുള്ള ആമസോണിന്‍റെ രണ്ട് വിതരണ കേന്ദ്രങ്ങളുണ്ട്. വനിതകൾ മാത്രമുള്ള വിതരണ കേന്ദ്രങ്ങൾക്ക് പുറമെ ട്രാൻസ്‌ജെൻഡർ വ്യക്തികൾ നടത്തുന്ന കേന്ദ്രങ്ങളും മുംബൈയിൽ ശ്രവണ വൈകല്യങ്ങൾ ഉള്ളവർ നടത്തുന്ന സൈലന്‍റ് ഡെലിവറി സ്റ്റേഷനുകളും കമ്പനിക്ക് ഉണ്ട്.