ന്യൂഡല്‍ഹി: എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ എന്നീ ടെലികോം കമ്പനികള്‍ക്ക് 3050 കോടി രൂപ പിഴ ചുമത്തണമെന്ന ട്രായിയുടെ നിര്‍ദേശത്തിന് ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്‍റെ അംഗീകാരം. ജിയോ നെറ്റ്‌വര്‍ക്കില്‍ നിന്ന് വരുന്ന ഫോണ്‍ കോളുകള്‍ എയര്‍ടെല്‍, വോഡാഫോണ്‍, ഐഡിയ ഉപഭോക്താക്കള്‍ക്ക് കണക്ട് ചെയ്യാതിരുന്നതിനാണ് കമ്പനികള്‍ക്കെതിരെ നടപടി. എയർടെൽ, വോഡാഫോൺ എന്നിവയ്ക്ക് 21 സർക്കിളുകൾക്കും ഐഡിയയുടെ 19 സര്‍ക്കിളുകള്‍ക്കും 50 കോടിവീതം പിഴയാണ് ചുമത്തിയിരിക്കുന്നത്.
മറ്റ് നെറ്റ്‌വര്‍ക്കുകള്‍ ജിയോയോട് സഹകരിക്കുന്നില്ലെന്ന് കാണിച്ച് ജിയോ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രായുടെയും ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്‍റെയും നടപടി. ജിയോയെ ഒറ്റപ്പെടുത്തിയ കമ്പനികളുടെ നടപടി ഉപഭോക്തൃ വിരുദ്ധവും മൊബൈൽ ലൈസൻസ് വ്യവസ്ഥകളുടെ ലംഘനവുമാണെന്ന് അധികൃതര്‍ ആരോപിച്ചിരുന്നു. ഉപഭോക്താക്കളുടെ അസൗകര്യം പരിഗണിച്ചുകൊണ്ടാണ് കമ്പനികള്‍ക്കെതിരെയുള്ള നടപടി പിഴയില്‍ മാത്രം ചുരുക്കുന്നതെന്നും ഇവര്‍ പറഞ്ഞു.