ന്യൂഡല്‍ഹി: പ്ലാസ്റ്റിക് ബാഗുകള്‍ കപ്പുകള്‍, സ്ട്രോകള്‍ തുടങ്ങി പ്ലാസ്റ്റിക്ക് ഉല്‍പന്നങ്ങള്‍ക്ക് പൂര്‍ണമായ നിരോധനവുമായി എയര്‍ ഇന്ത്യ. ഒക്ടോബര്‍ രണ്ട് മുതല്‍ നിരോധനം നിലവില്‍ വരുമെന്നാണ് എയര്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്. എയര്‍ ഇന്ത്യ എക്സ്‌പ്രസ്, അലിയന്‍സ് എയര്‍ എന്നിവയിലായിരിക്കും ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുക. ഇതിന് പിന്നാലെ എയര്‍ ഇന്ത്യയുടെ യാത്രാ വിമാനങ്ങളിലും ഇത് നടപ്പിലാക്കും.
എയര്‍ ഇന്ത്യ ചെയർമാൻ ആന്‍റ് മാനേജിങ് ഡയറക്ടർ അശ്വനി ലൊഹാനി ആണ് ഇക്കാര്യം പുറത്തു വിട്ടത്. പദ്ധതി പ്രകാരം കുടിവെള്ളം, ചായ, കാപ്പി എന്നിവ കുടിക്കാനായി പേപ്പര്‍ കപ്പുകളും ഭക്ഷണം കഴിക്കാനായി പ്ലാസ്റ്റിക് പാത്രങ്ങള്‍ക്കു പകരം കനം കുറഞ്ഞ സ്റ്റീല്‍ പാത്രങ്ങളും ഉപയോഗിക്കും. സ്‌പൂണ്‍ തുടങ്ങിയവ പൂവരശ് തടി കൊണ്ടുണ്ടാക്കിയതാകും ഉപയോഗിക്കുക. സാന്‍ഡ്‌വിച്ച് ഉള്‍പ്പെടെയുള്ളവ ബട്ടര്‍ പേപ്പറില്‍ പൊതിഞ്ഞു നൽകും. നേരത്തെ പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം പരമാവധി കുറക്കണമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് എയര്‍ ഇന്ത്യയുടെ പുതിയ നീക്കം.