ചെന്നൈ: ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാക്കളായ യമഹ ഇന്ത്യ ബിഎസ് സിക്‌സ് വിപണിയിലെത്തിച്ചു. എഫ്‌സെഡ്-എഫ്‌ഐ, എഫ്‌സെഡ്എസ്-എഫ്‌ഐ എന്നീ മോഡലുകളുടെ ബിഎസ് സിക്‌സ് പതിപ്പാണ് വിപണിയിലെത്തിയത്. എഫ്‌സെഡ്-എഫ്‌ഐ, എഫ്‌സെഡ്എസ്-എഫ്‌ഐ മോഡലുകള്‍ എല്ലാ നിറങ്ങളിലും ലഭ്യമാണെന്നും കൂടാതെ ഡാർക്‌നൈറ്റ്, മെറ്റാലിക് റെഡ് തുടങ്ങിയ പുതിയ നിറങ്ങളും വിപണിയിലുണ്ടെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ബിഎസ് സിക്‌സ് എഫ്‌സെഡ്-എഫ്‌ഐ മോഡലിന് 99,200( ന്യൂഡൽഹി എക്‌സ്‌ഷോറൂം വില) രൂപയാണ് വില. എഫ്‌സെഡ് വാഹനങ്ങൾ നവംബർ മുതൽ എല്ലാ യമഹ ഷോറൂമുകളിലും ലഭ്യമാണെന്ന് യമഹ മോട്ടോർ ഇന്ത്യൻ ഗ്രൂപ് ചെയർമാൻ മോട്ടോഫുമി ഷിതാര പറഞ്ഞു.
ബിഎസ് സിക്‌സ് എമിഷൻ മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്ത്യൻ യമഹ മോട്ടോഴ്‌സ് പുതിയ മോഡലുകൾ പുറത്തിറക്കിയത്. 2020 ഏപ്രിൽ ഒന്നോടെ ഇത് രാജ്യത്തുടനീളം നിലവിൽ വരും. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന വാഹനങ്ങൾ എമിഷൻ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. 2019 ജനുവരി മുതലാണ് ഇന്ത്യ യമഹ മോട്ടോഴ്‌സ് എബിഎസ് പതിപ്പുകളുടെ എഫ്‌സെഡ്-എഫ്‌ഐ, എഫ്‌സെഡ്എസ്-എഫ്‌ഐ മോഡലുകൾ ആദ്യമായി അവതരിപ്പിച്ചത്.