ന്യൂഡൽഹി: ഡിസംബർ മുതൽ വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ എന്നീ കമ്പനികള്‍ മൊബൈൽ ഫോൺ കോള്‍, ഡേറ്റാ ചാർജുകള്‍ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്ന് ഇരു കമ്പനികളുടെയും ഓഹരി വില 30 ശതമാനം ഉയർന്നു. വോഡഫോൺ ഐഡിയ 29.75 ശതമാനം ഉയർന്ന് 5.80 രൂപയായി. ഭാരതി എയർടെൽ 6.31 ശതമാനം ഉയർന്ന് 435 രൂപയിലെത്തി.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാൻ വോഡഫോൺ ഐഡിയ, ഭാരതി എയർടെൽ എന്നിവ തിങ്കളാഴ്ച ഫോൺ കോൾ, ഡേറ്റാ ചാർജുകൾ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് നിരക്ക് വർധനയുണ്ടാകുന്നത്. ഡിസംബർ ഒന്ന് മുതൽ നിരക്ക് വർധന പ്രാബല്യത്തില്‍ വരും. വര്‍ധന എത്രത്തോളമെന്നോ ഏതൊക്കെ ഇനങ്ങളിലാണെന്നോ കമ്പനികള്‍ വെളിപ്പെടുത്തിയിട്ടില്ല. ഉപയോക്താക്കള്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ഇരു കമ്പനികളും അറിയിച്ചു.