തമിഴ്നാട്ടിലെ തൂത്തുക്കുടി കോപ്പര്‍ പ്ലാന്‍റ് അടച്ച് പൂട്ടിയത് മൂലം പ്രതിദിനം അഞ്ച് കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാകുന്നതെന്ന് വേദാന്താ ലിമിറ്റഡ്. കമ്പനി മദ്രാസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മെയ് 28ന് നടന്ന പ്രതിഷേധത്തിനെതിരെ പൊലീസ് വെടിയുതിര്‍ത്ത് 13 പേര്‍ മരണപ്പെട്ടതോടെയാണ് പ്ലാന്‍റ് പൂട്ടാന്‍ കോടതി ഉത്തരവിട്ടത്.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ചെമ്പുരുക്ക് കേന്ദ്രമായിരുന്നു തൂത്തുക്കൂടി. 400,000 ടണ്ണിന്‍റെ വാര്‍ഷിക ഉല്‍പാദനമാണ് കമ്പനി അവകാശപ്പെടുന്നത്. പ്ലാന്‍റിന്‍റെ പ്രവര്‍ത്തനം മൂലം വന്‍ തോതില്‍ വായുവും ജലവും മലിനീകരണപ്പെടുന്നു എന്ന് കാണിച്ച് പ്രദേശവാസികള്‍ പ്ലാന്‍റിനെതിരെ സമരം നടത്തുകയായിരുന്നു. പ്ലാന്‍റ് പൂട്ടിയത് മുതലുള്ള മൊത്തം നഷ്ടം 13.8 ബില്യണ്‍ കോടിയാണെന്നും വേദാന്താ ലിമിറ്റഡ് പറയുന്നു.
പ്ലാന്‍റിന് പ്രവര്‍ത്തനാവകാശം നല്‍കണമെന്നാവശ്യപ്പെട്ടാണ് വേദാന്ത ലിമിറ്റഡ് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ ഈ ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും ഫെബ്രുവരി 18ന് സുപ്രീംകോടതി ഇറക്കിയ ഉത്തരവില്‍ കമ്പനിക്ക് വീണ്ടും ഹൈക്കോടതിയെ സമീപിക്കാമെന്ന് പറഞ്ഞിരുന്നു.