ന്യൂയോര്‍ക്ക്: ഫോബ്സ് മാഗസിന്‍ പുറത്തിറക്കിയ അമേരിക്കയിലെ ധനികരായ വനിതകളുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാരും. ജയശ്രീ ഉല്ലാല്‍, നീരജ സേതി, നേഹ നര്‍ഖഡെ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വനിതകള്‍. സ്വന്തം പ്രയത്നത്താല്‍ ധനികരായ വനിതകളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.
80 പേരാണ് പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നത്. കംപ്യൂട്ടര്‍ നെറ്റ്വര്‍ക്കിങ് കമ്പനിയായ അരിസ്റ്റ നെറ്റ്വര്‍ക്സിന്റെ പ്രസിഡന്റായ ജയശ്രീ 160 കോടി ഡോളറിന്‍റെ ആസ്തിയുമായി 18ാം സ്ഥാനത്താണ് ഇടം പിടിച്ചിരിക്കുന്നത്. പട്ടികയില്‍ 23ാം സ്ഥാനത്തുള്ള നീരജ ഐടി കണ്‍സള്‍ട്ടിംഗ്- ഔട്ട്സോഴ്സിംഗ് കമ്പനിയായ സിന്റെലിന്റെ സഹസ്ഥാപകയാണ് നൂറ് കോടി ഡോളറിന്‍റെ ആസ്തിയാണ് ഇവരുടെ പക്കലുള്ളത്. അതേ സമയം 36 കോടി ഡോളറിന്‍റെ ആസ്തിയുമായി സ്ട്രീമിംഗ് ഡാറ്റാ ടെക്നോളജി കമ്പനിയായ കോണ്‍ഫ്ലുവന്റിന്റെ സിഇഒ നേഹ അറുപതാം സ്ഥാനത്തും ഇടം പിടിച്ചു. ഡിയാന് ഹെന്‍ഡ്രിക്സ് എന്ന എഴുപത്തിരണ്ടുകാരിക്കാണ് പട്ടികയില്‍ ഒന്നാം സ്ഥാനം. 700 കോടി ഡോളറാണ് ഇവരുടെ ആസ്തി.