ന്യൂഡല്‍ഹി: തൊഴിലില്ലായ്മ പരമാവധി കുറക്കുക എന്ന ലക്ഷ്യവും നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റിലുണ്ട്. അടുത്തിടെ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത് കഴിഞ്ഞ നാല്‍പത് വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ കഴിഞ്ഞ വര്‍ഷങ്ങളില്‍ ആയിരുന്നു എന്നാണ്. ഈ സാഹചര്യത്തിലാണ് നിര്‍മ്മല സീതാരാമന്‍റെ പുതിയ പ്രഖ്യാപനങ്ങള്‍.
തൊഴിൽ മേഖലയിലെ നിർവചനങ്ങൾ ഏകീകരിക്കും ഇവ നാല് കോഡുകളാക്കി വേര്‍തിരിക്കും. മാത്രമല്ല സ്റ്റാര്‍ട്ട്പ്പുകള്‍ക്ക് മാത്രമായി പ്രത്യേകം ടിവി ചാനല്‍ ആരംഭിക്കും. കൗശല്‍ വികാസ് യോജന പദ്ധതി പ്രകാരം ഒരു കോടി യുവാക്കള്‍ക്ക് പരിശീലനവും ഗ്രാമീണ മേഖലകളില്‍ 75000 സ്വയം തൊഴില്‍ പദ്ധതികള്‍ നടപ്പിലാക്കും എന്നും പ്രഖ്യാപനം. ഇതിന് പുറമെ അഞ്ച് കോടി രൂപയില്‍ കുറവ് വിറ്റുവരവുള്ള ചെറുകിട വ്യാപാരികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കും. സീറോ ബജറ്റ് ഫാമിംഗിന് ഊന്നല്‍ നല്‍കും. യുവാക്കളെ കൃഷിയിലേക്ക് ആകര്‍ഷിക്കും. നഗരങ്ങളില്‍ മാത്രമല്ല ഗ്രാമങ്ങളിലും തൊഴില്‍ സാധ്യതകള്‍ വര്‍ധിപ്പിക്കും. സ്ത്രീകള്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ക്ക് പ്രത്യേക സഹായം നല്‍കുമെന്നും മന്ത്രി ബജറ്റില്‍ പറഞ്ഞു. രണ്ട് വര്‍ഷത്തിനിടെ 300 പുതിയ സംരംഭകരെ സ്റ്റാര്‍ട്ടപ്പിലൂടെ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ടെന്നും നിര്‍മ്മല സീതാരാമൻ അവകാശപ്പെട്ടു.