ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാരിന്‍റെ ഐടി നിയമഭേദഗതി പാലിക്കാന്‍ ട്വിറ്റര്‍, ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ക്ക് അനുവദിച്ച മൂന്ന് മാസ സമയപരിധി ഇന്ന് അവസാനിക്കും. പുതിയ ഐടി നിയമഭേദഗതി പാലിച്ചില്ലെങ്കില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് ഐടി നിയമപ്രകാരം ലഭിച്ചിരുന്ന പരിരക്ഷ നഷ്‌ടപ്പെടുമെന്നും ഇന്ത്യന്‍ ക്രിമിനല്‍ നിയമ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നും കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി.
പരാതി പരിഹാര ഉദ്യോഗസ്ഥരുള്‍പ്പെടെ നിയമിക്കണമെന്ന ഐടി നിയമഭേദഗതി ഇന്ത്യൻ സമൂഹ മാധ്യമ സ്ഥാപനമായ കൂ ഒഴികെ മുൻനിര സ്ഥാപനങ്ങളൊന്നും പാലിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പരാതി സമര്‍പ്പിക്കുകയും തീര്‍പ്പാക്കുകയും ചെയ്യുന്നതിന്‍റെ പ്രതിമാസ റിപ്പോര്‍ട്ടുകള്‍ നല്‍കണമെന്ന നിയമവും പാലിക്കപ്പെടുന്നില്ല. ചില സമൂഹ മാധ്യമങ്ങള്‍ ഇതിനായി ആറു മാസം വരെ കൂടുതല്‍ സമയം ചോദിച്ചിട്ടുണ്ടെന്നും യുഎസ് ആസ്ഥാനമായുള്ള സമൂഹ മാധ്യമങ്ങള്‍ നിര്‍ദേശങ്ങള്‍ക്കായി ഹെഡ് ഓഫീസുകളെ കാത്തിരിക്കുകയാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.
Also read: പുതിയ അപ്ഡേറ്റ് വ്യക്തിഗത സന്ദേശങ്ങളുടെ സ്വകാര്യതയെ തകർക്കില്ലെന്ന് വാട്‌സ്ആപ്പ്
യുഎസ് ആസ്ഥാനമായുള്ള സമൂഹ മാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍ നിന്ന് വന്‍ തുക വരുമാനമായി ലഭിക്കുമ്പോഴും ഇന്ത്യയുടെ ആഭ്യന്തര നിയമങ്ങൾ പാലിക്കാനുള്ള താല്‍പ്പര്യം കാണിക്കുന്നില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. 2021 ഫെബ്രുവരി 25 ന് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം പുറപ്പെടുവിച്ച പുതിയ സമൂഹ മാധ്യമ നിയമങ്ങള്‍ നാളെ മുതലാണ് പ്രാബല്യത്തിൽ വരുന്നത്.
അതേ സമയം, കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഐടി നിയമ ഭേദഗതി സമൂഹ മാധ്യമങ്ങളുടെ സ്വാതന്ത്രത്തിന്മേലുള്ള കടന്ന് കയറ്റമാണെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. കോണ്‍ഗ്രസിന്‍റെ ടൂൾകിറ്റ് എന്ന പേരിൽ ബിജെപി വക്താവ് സംബിത് പാത്ര പങ്കുവെച്ച ട്വീറ്റിന് മാനിപ്പുലേറ്റഡ് മീഡിയ എന്ന് ട്വിറ്റർ ടാഗ് നൽകിയതിന് പിന്നാലെ ദില്ലി പോലീസ് ട്വിറ്റർ ഇന്ത്യയുടെ പ്രാദേശിക ഓഫീസുകളില്‍ പരിശോധന നടത്തിയിരുന്നു.
Read more: ടൂൾകിറ്റ് കേസ് : ട്വിറ്റര്‍ ഓഫിസുകളിൽ പരിശോധന നടത്തി ഡൽഹി പൊലീസ്