ചെന്നൈ : ഇറക്കുമതി ചെയ്‌ത റോൾസ് റോയ്‌സ് കാറിന്‍റെ പ്രേവേശന നികുതിക്കേസിൽ നടൻ വിജയ് തൽക്കാലം പിഴ അടയ്‌ക്കേണ്ടന്ന് മദ്രാസ് ഹൈക്കോടതി. സിംഗിൾ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സ്റ്റേ ചെയ്യുകയായിരുന്നു. കാറിന്‍റെ പ്രവേശന നികുതിയുമായി ബന്ധപ്പെട്ട കേസിൽ ഒരു ലക്ഷം രൂപയാണ് പിഴയിനത്തിൽ സിംഗിൾ ബഞ്ച് വിധിച്ചത്.
Read More: 'റീൽ ഹീറോ മാത്രമാകരുത്' ; വിജയ്‌ക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി
നികുതി ചുമത്തുന്നത് ചോദ്യം ചെയ്യാൻ എല്ലാ പൗരന്മാർക്കും അവകാശമുണ്ടെന്ന് കോടതിയിൽ വിജയ്‌ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വിജയ് നാരായണൻ വാദിച്ചു.
പ്രവേശന നികുതി അടയ്‌ക്കാൻ തയ്യാറാണെന്ന് നടന്‍ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ സിംഗിൾ ബഞ്ച് വിധിയിലെ പരാമർശങ്ങൾ ചോദ്യം ചെയ്‌തായിരുന്നു നടന്‍റെ ഹർജി.
2012ൽ ഇറക്കുമതി ചെയ്‌ത കാറിന് വിജയ് അഞ്ച് കോടി രൂപ ഇറക്കുമതി തീരുവ അടച്ചിരുന്നു. എന്നാൽ ഇതിന് പുറമെ പ്രവേശന നികുതി കൂടി വേണമെന്ന നോട്ടീസിനെതിരെയാണ് താരം ആദ്യം കോടതിയെ സമീപിച്ചത്. കേസിൽ ഓഗസ്റ്റ് 31ന് കോടതി വീണ്ടും വാദം കേൾക്കും.
Also Read: 'വിജയ് ആയിരിക്കുക അത്ര എളുപ്പമല്ല'; ദളപതിയെ തുണച്ച് ലോകേഷ് കനകരാജും ആരാധകരും