ന്യൂഡൽഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ) 2020 ജനുവരി 1 മുതൽ ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) അടിസ്ഥാനമാക്കി എടിഎം പണം പിൻവലിക്കാനുള്ള സൗകര്യം ആരംഭിക്കും. രാത്രി എട്ട് മുതൽ രാവിലെ എട്ട് വരെ 10,000 രൂപക്ക് മുകളിലുള്ള ഇടപാടുകൾക്കാണ് ഒടിപി സംവിധാനം.
പണം പിൻവലിക്കുമ്പോൾ, ഉപഭോക്താവിന് ബാങ്കിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള മൊബൈൽ നമ്പറിൽ ഒരു ഒടിപി ലഭിക്കും. എസ്‌ബിഐ എടിഎമ്മുകളിൽ നിന്നും പിൻവലിക്കുന്നതിന് മാത്രമേ ഒടിപി അടിസ്ഥാനമാക്കിയുള്ള പിൻവലിക്കൽ ബാധകമാകൂ.അനധികൃതമായ പണമിടപാടുകൾ തടയുന്നതിന്‍റെ ഭാഗമായാണ് ഈ പുതിയ സംവിധാനം എസ്‌ബിഐ ഒരുക്കുന്നത്.
ഈ പ്രക്രിയ അനുസരിച്ച്, കാർഡ് ഉടമ പിൻവലിക്കൽ പ്രക്രിയ തുടങ്ങികഴിഞ്ഞാൽ, എടിഎം സ്ക്രീൻ ഒടിപി ആവശ്യപ്പെടുകയും, പണം ലഭിക്കുന്നതിന് ഉപഭോക്താവ് ബാങ്കിൽ രജിസ്‌റ്റർ ചെയ്‌തിട്ടുള്ള മൊബൈൽ നമ്പറിൽ ലഭിച്ച ഒടിപി നൽകുകയും വേണം. സ്‌റ്റേറ്റ് ബാങ്ക് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കാൻ നിലവിലെ പ്രക്രിയയിൽ വലിയ മാറ്റമൊന്നും ആവശ്യമില്ലെന്നും ബാങ്ക് അറിയിച്ചു.