ന്യൂഡൽഹി: പുതിയ ഐടി നിയമപ്രകാരം മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായി ട്വിറ്റർ റിപ്പോർട്ട് സമർപ്പിച്ചു. മെയ് 26 മുതൽ ജൂൺ 26 വരെ ട്വിറ്റർ നടപടിയെടുത്ത പോസ്റ്റുകളെ കുറിച്ചുള്ള വിവരങ്ങളാണ് ഞായറാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഉള്ളത്. ഇക്കാലയളവിൽ 94 പരാതികളാണ് ട്വിറ്ററിന് ലഭിച്ചത്.
133 അക്കൗണ്ടുകൾക്കെതിരെ ട്വിറ്റർ നടപടികൾ സ്വീകരിച്ചു. ഉപയോക്താക്കളിൽ നിന്ന് കോടതി ഉത്തരവിന്‍റെ കോപ്പി ഉൾപ്പടെയുള്ള പരാതികൾ ലഭിച്ചെന്ന് ട്വിറ്റർ അറിയിച്ചു. ലഭിച്ച പരാതികളിൽ ഭൂരിഭാഗവും മാനനഷ്ടം(20), ദുരുപയോഗം/ ഉപദ്രവം (6), സെൻസിറ്റീവ്, അഡൾട്ട് ഉള്ളടക്കം(4), ആൾമാറാട്ടം, സ്വകാര്യതാ ലംഘനം (3 വീതം), ഐപിയുമായി ബന്ധപ്പെട്ട ലംഘനം (1) ), തെറ്റായ വിവരങ്ങൾ / ഫേക്ക് മാധ്യമങ്ങൾ (1) എന്നീ വിഭാഗങ്ങളിലാണ്. മാനനഷ്ട പരാതികളിന്മേൽ 87ഉം ദുരുപയോഗം/ഉപദ്രവം എന്നീവിഭാഗങ്ങളിൽ 38ഉം അക്കൗണ്ടുകൾക്കെതിരെ നടപടി സ്വീകരിച്ചു.
കൂടാതെ കുട്ടികളുടെ ലൈംഗിക ചൂഷണം, സമ്മതമില്ലാതെ നഗ്നത പ്രചരിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട് 18,385 അക്കൗണ്ടുകളാണ് ട്വിറ്റർ ഇക്കാലയളവിൽ സസ്പെൻഡ് ചെയ്‌തത്. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയ 4,179 അക്കൗണ്ടുകളും ട്വിറ്റർ സസ്പെൻഡ് ചെയ്‌തിട്ടുണ്ട്. ഏഴ് അക്കൗണ്ടുകളുടെ സസ്പെൻഷൻ റദ്ദാക്കി. നേരത്തെ പുതിയ ഐടി ചട്ടങ്ങൾ പാലിക്കുന്നതിൽ കാണിച്ച വീഴ്ചയിൽ ട്വിറ്ററും കേന്ദ്ര സർക്കാരും തമ്മിൽ ഏറ്റുമുട്ടിയിരുന്നു.
ഇന്ത്യയിൽ തുടരണമെങ്കിൽ നിയമങ്ങൾ അനുസരിക്കണമെന്നായിരുന്നു സർക്കാർ നിലപാട്. പുതിയ നിയമം അനുസരിച്ച് ജൂലൈ 11ന് ആണ് വിനയ് പ്രാകാശിനെ ട്വിറ്റർ പരാതി പരിഹാര ഓഫിസറായി നിയമിച്ചത്. എന്നാൽ ചീഫ് കംപ്ലെയ്‌ന്‍റെ ഓഫിസറുടെ സ്ഥിരനിയമനം ട്വിറ്റർ നടത്തിയിട്ടില്ല. സ്ഥിര നിയമനത്തിനായി കഴിഞ്ഞ ദിവസം ട്വിറ്റർ ഡൽഹി ഹൈക്കോടതിയിൽ എട്ട് ആഴ്‌ചത്തെ സമയം തേടിയിരുന്നു. ഇതിന് പിന്നാലെയാണ്, ട്വിറ്റർ ലഭിച്ച പരാതികളുടെ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും പുതിയ നിയമനം നടത്തുകയും ചെയ്തത്.