ന്യൂഡൽഹി: ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ പോകോ എക്‌സ് 2 വിപണിയിലെത്തി. ചൈനീസ് നിർമാതാക്കളായ ഷവോമിയാണ് പുത്തൻ ബ്രാൻഡ് പുറത്തിറക്കിയത്. നിരവധി സവിശേഷതകളോടെ പുറത്തിറക്കിയ സ്‌മാർട്ട്‌ഫോണിന് 15,999 രൂപ മുതലാണ് വില തുടങ്ങുന്നത്. 6ജിബി+64ജിബി സ്റ്റോറേജ് സംവിധാനങ്ങളോടെയാണ് പോകോ എക്‌സ് 2വിന്‍റെ വരവ്. സ്റ്റോറേജ് ശേഷിയനുസരിച്ച് 16,999, 19,999 രൂപ എന്നിങ്ങനെയാണ് വില കൂടുന്നത്.
ഷവോമി പുറത്തിറക്കുന്ന രണ്ടാമത്തെ സ്‌മാർട്ട്ഫോണാണ് പോകോ എക്‌സ് 2. 2018ലാണ് ആദ്യ ബ്രാൻഡായ പോകോ എഫ് 1 ഇറങ്ങിയത്. നാല് സെൻസറുകളോടെ പുറത്തിറക്കിയ പുതിയ മോഡൽ തീർച്ചയായും ആരാധകരുടെ ശ്രദ്ധ നേടുമെന്നാണ് പോകോ ഇന്ത്യ ജനറൽ മാനേജർ സി. മോഹനന്‍റെ അഭിപ്രായം. 120 ഹെട്‌സ് റിഫ്രഷ് റേറ്റ് ഡിസ്‌പ്ലേയും 27 ഡബ്ല്യൂ ഫാസ്റ്റ് ചാർജിങും പോകോ എക്‌സ് 2വിന്‍റെ പ്രത്യേകതയാണ്. സൈഡ് മൗണ്ടെഡ് ഫിംഗർപ്രിന്‍റ് സ്‌കാനറാണ് ഫോണിന്‍റെ മറ്റൊരു പ്രത്യേകത.