ന്യൂഡൽഹി: ഭീം യുപിഐ ആപ് വഴി ഉപയോക്താക്കൾക്ക് ഫാസ്‌ടാഗുകൾ റീചാർജ് ചെയ്യാമെന്ന് നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു.ഭീം യുപിഐ മൊബൈൽ ആപ്ലിക്കേഷൻ വഴി വാഹന ഉടമകൾക്ക് യാത്രയിലായിരിക്കുമ്പോഴും അവരുടെ ഫാസ്‌ടാഗ് റീചാർജ് ചെയ്യുന്നതിനും ടോൾ പ്ലാസകളിൽ ക്യൂ ഒഴിവാക്കുന്നതിനും സഹായിക്കുമെന്നും എൻസിപിഐ പറഞ്ഞു.
ഇന്ത്യൻ വിപണിയിലെ ഇലക്ട്രോണിക് ടോളിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌ത പ്രോഗ്രാമാണ് നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ (എൻഇടിസി). നാഷണൽ ഇലക്ട്രോണിക് ടോൾ കളക്ഷൻ പദ്ധതിയുടെ ഭാഗമായി നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കിയ ടോൾ പിരിവു സംവിധാനം ആണ് ഫാസ്‌ടാഗ്. 2019 ഡിസംബർ 15 മുതൽ രാജ്യത്തുടനീളമുള്ള ദേശീയപാതകളിൽ ഫാസ്‌ടാഗ് നിർബന്ധമാക്കി.
എൻഇടിസിയുമായുള്ള ഉപഭോക്തൃ അനുഭവത്തിനാണ് കൂടുതൽ ശ്രദ്ധനൽകുന്നതെന്നും യുപിഐയുടെ ഏതെങ്കിലും മൊബൈൽ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിലൂടെ ഈ സൗകര്യം ഉപഭോക്താവിന് എളുപ്പമുള്ളതും, സുരക്ഷിതവും, സുതാര്യവുമായ ടോൾ പേയ്മെന്‍റ് അനുഭവം നൽകുമെന്നും എൻപിസിഐ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രവീണ റായ് പറഞ്ഞു.