ന്യൂഡൽഹി: ആഭ്യന്തര വാഹന വിപണി ഒക്ടോബറിൽ 12.76 ശതമാനം ഇടിഞ്ഞതായി റിപ്പോർട്ട്. ദീപാവലിക്ക് വിൽപ്പനയിൽ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാൻ വാഹന വിപണിക്കായില്ല.
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) തിങ്കളാഴ്ച നൽകിയ കണക്കുകൾ പ്രകാരം ഇന്ത്യൻ വാഹനമേഖലയുടെ മൊത്തം വിൽപ്പന ഒക്ടോബറിൽ 12.76 ശതമാനം കുറഞ്ഞ് 2,176,136 യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 2,494,345 യൂണിറ്റുകളായിരുന്നു വിറ്റത്. ഏറ്റവും പുതിയ വിവര പ്രകാരം, ഒക്ടോബറിലെ പാസഞ്ചർ വാഹന വിഭാഗത്തിൽ വിൽപ്പന 0.28 ശതമാനം ഉയർന്ന് 2,85,027 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 2,84,223 യൂണിറ്റായിരുന്നു.
സെപ്റ്റംബറിൽ തുടർച്ചയായ 11-ാമത്തെ മാസവും ഇന്ത്യയിലെ പാസഞ്ചർ വാഹനങ്ങളുടെ മൊത്തക്കച്ചവടത്തില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
2018 ഒക്ടോബറിൽ 24,94,345 യൂണിറ്റുകളായിരുന്ന വാഹന മൊത്ത വിൽപന 12.76 ശതമാനത്തോളം ഇടിഞ്ഞ് 21,76,136 യൂണിറ്റായി. യൂട്ടിലിറ്റി വാഹനങ്ങൾ, പാസഞ്ചർ കാരിയറുകൾ ക്വാഡ്രൈസൈക്കിളുകൾ, എന്നിവയൊഴികെ മറ്റെല്ലാ വാഹന വിഭാഗങ്ങളും ഈ മാസത്തിൽ വിൽപ്പനയിൽ ഇടിവ് രേഖപ്പെടുത്തി.
ഏപ്രിൽ-ഒക്ടോബർ കാലയളവിൽ പാസഞ്ചർ വാഹന വിൽപ്പനയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ഒക്ടോബറിൽ ആഭ്യന്തര കാർ വിൽപ്പന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 1,345,400 ൽ നിന്ന് 6.34 ശതമാനം ഇടിഞ്ഞ് 1,73,649 യൂണിറ്റായി. യൂട്ടിലിറ്റി വാഹന വിൽപ്പനയിൽ 22.22 ശതമാനം വർധനയുണ്ടായി 82,413 യൂണിറ്റ് ആയിരുന്നത് 1,00,725 യൂണിറ്റായി.
ഒക്ടോബറിൽ മൊത്തം ഇരുചക്രവാഹന വിൽപ്പന 14.43 ശതമാനം ഇടിഞ്ഞ് 17,57,264 യൂണിറ്റായി. കഴിഞ്ഞ വർഷം ഇത് 20,53,497 യൂണിറ്റായിരുന്നു. 2018 ൽ 13,27,758 യൂണിറ്റായിരുന്ന മോട്ടോർസൈക്കിൾ വിൽപ്പന 15.88 ശതമാനം ഇടിഞ്ഞ് 11,16,970 യൂണിറ്റായി.
പാസഞ്ചർ വാഹന വിൽപ്പനയിൽ മാരുതി സുസുക്കി ഒക്ടോബറിൽ 2.33 ശതമാനം വർധിച്ച് 1,39,121 യൂണിറ്റായി. ഹ്യൂണ്ടായ് മോട്ടോർ ഇന്ത്യ 3.83 ശതമാനം ഇടിഞ്ഞ് 50,010 യൂണിറ്റായി. മഹീന്ദ്ര ആൻഡ് മഹീന്ദ്രയിൽ 23.33 ശതമാനം ഇടിഞ്ഞ് 18,444 യൂണിറ്റായി. ഇരുചക്ര വാഹന വിഭാഗത്തിൽ ഹീറോ മോട്ടോകോർപ്പ് വിൽപ്പനയിൽ 18.03 ശതമാനം ഇടിഞ്ഞ് 86,988 യൂണിറ്റ് ആയി. ഹോണ്ട മോട്ടോർസൈക്കിൾ, സ്കൂട്ടർ ഇന്ത്യ എന്നിവയുടെ വിൽപ്പനയിൽ 0.47 ശതമാനം ഇടിവ് രേഖപ്പെടുത്തി 4,87,819 യൂണിറ്റായി.
അതേസമയം, ഒക്ടോബറിൽ ചില്ലറ വാഹന വിപണി തിരിച്ചു വരവിന്‍റെ പാതയിലാണ്. ചില്ലറ വിപണിയിൽ മൊത്തം വാഹന വിൽപ്പന 7.93 ശതമാനം ഉയർന്ന് 18,16,440 യൂണിറ്റായി. 2018 ഒക്ടോബറിൽ 16,82,995 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ പാസഞ്ചർ വാഹന വിൽപ്പന കഴിഞ്ഞ മാസം 2,96,642 യൂണിറ്റായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2,60,384 യൂണിറ്റായിരുന്നു. 13.92 ശതമാനം വർധനയാണുണ്ടായത്. ഇരുചക്ര വാഹന ചില്ലറ വിൽപ്പന 8.91 ശതമാനം ഉയർന്ന് 13,88,538 യൂണിറ്റിലെത്തി. 2018 ഒക്ടോബറിൽ ഇത് 12,74,988 യൂണിറ്റായിരുന്നു.