അന്താരാഷ്ട്ര അതിർത്തികൾ തുറക്കാനുള്ള തീരുമാനം ന്യുസിലാന്‍ഡ് ഈ ആഴ്‌ച എടുത്തേക്കും. തൊഴിലാളി ക്ഷാമവും അതിനെ തുടർന്നുണ്ടാകാൻ ഇടയുള്ള പണപ്പെരുപ്പവും കണക്കിലെടുത്താണ് സർക്കാർ നടപടി.
കൊവിഡിനെ തുടർന്ന് 2020 മാർച്ചിലാണ് ന്യൂസിലാന്‍ഡ് അന്താരാഷ്ട്ര അതിർത്തികൾ അടച്ചത്. എന്നാൽ സ്വീകരിച്ച പ്രതിരോധ നടപടികൾ കുടിയേറ്റ തൊഴിലാളികളെ ആശ്രയിക്കുന്ന ന്യൂസിലാന്‍ഡിന്‍റെ സമ്പദ്‌വ്യവസ്ഥയെ ബാധിച്ചെന്നാണ് റിപ്പോർട്ടുകൾ.
Also Read: ആമസോണിനും ഫ്ലിപ്‌കാർട്ടിനു തിരിച്ചടി; അന്വേഷണം തടയാനാവില്ലെന്ന് സുപ്രീംകോടതി
നിലവിൽ രാജ്യത്ത് കടുത്ത തൊഴിലാളി ക്ഷാമമാണ് നേരിടുന്നത്. അമിത ജോലിഭാരവും കുറഞ്ഞ ശമ്പളവും ചൂണ്ടിക്കാട്ടി 30,000ൽ അധികം നഴ്‌സുമാർ ജൂണിന് ശേഷം രണ്ടുതവണ പണിമുടക്ക് നടത്തിയിരുന്നു.
"സ്റ്റാഫിംഗ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് അന്തർദേശീയ യോഗ്യതയുള്ള നഴ്‌സുമാരെയാണ് ഞങ്ങൾ ആശ്രയിക്കുന്നത്. എന്നാൽ അതിർത്തികൾ അടച്ചതിനാൽ പുതിയ നിയമനങ്ങൾ നടത്താനാവുന്നില്ല" ന്യൂസിലാൻഡ് നഴ്‌സസ് ഓർഗനൈസേഷൻ ഇൻഡസ്ട്രിയൽ സർവീസസ് മാനേജർ ഗ്ലെൻഡ അലക്‌സാണ്ടർ പറയുന്നു.
സമാന സാഹചര്യമാണ് എല്ലാ തൊഴിൽ മേഖലയും നേരിടുന്നത്.രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് കൊവിഡിന് മുമ്പുള്ള നിലയിലേക്ക് എത്തി. ജീവനക്കാരെ നിലനിർത്താൻ തൊഴിലുടമകൾ കൂടുതൽ പണം നൽകുന്ന സ്ഥിതിയാണ് നിലവിൽ.
ഇത് ചെലവ് വർധിപ്പിക്കുകയാണ്. സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ രാജ്യത്തെ വാർഷിക പണപ്പെരുപ്പം 3.3%ൽ എത്തിയിരുന്നു. ന്യൂസിലാന്‍ഡില്‍ ഇതുവരെ 2,500 കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 26 മരണങ്ങളാണുണ്ടായത്. അവസാന കൊവിഡ് കേസ് റിപ്പോർട്ട് ചെയ്‌തത് കഴിഞ്ഞ ഫെബ്രുവരിയിലും.
കൊവിഡിനെ പിടിച്ചുകെട്ടുന്നതിൽ ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്താ ആർദേന്‍റെ പ്രവർത്തനങ്ങൾ ലോക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന തെരഞ്ഞെടുപ്പിൽ ജസീന്തയെ വീണ്ടും അധികാരത്തിലെത്താന്‍ സഹായിച്ചതും കൊവിഡ് കാല പ്രവർത്തനങ്ങളാണ്.
ഡെൽറ്റ വകഭേദം ഉയർത്തുന്ന ആശങ്ക
അയൽ രാജ്യമായ ഓസ്ട്രേലിയ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ വ്യാപിക്കുന്ന കൊവിഡിന്‍റെ വകഭേദമാണ് അതിർത്തികൾ തുറക്കുമ്പോൾ ന്യൂസിലാന്‍ഡ് നേരിടുന്ന പ്രധാന വെല്ലുവിളി. ഡെൽറ്റ വകഭേദം വ്യാപിക്കുന്നത് കണക്കിലെടുത്ത് ഓസ്ട്രേലിയയുമായി അനുവദിച്ചിരുന്ന ട്രാവൽ ബബിൾ ന്യൂസിലാന്‍ഡ് റദ്ദുചെയ്‌തിരുന്നു.
ഡെൽറ്റ വകഭേദം റിപ്പോർട്ട് ചെയ്‌താൽ രാജ്യം വീണ്ടും ലോക്ക്ഡൗണിലേക്ക് പേകേണ്ടി വരുമെന്നാണ് വിദഗ്‌ധർ പറയുന്നത്. നിലവിൽ രാജ്യത്തെ 21 ശതമാനം ആളുകൾക്ക് മാത്രമേ വാക്‌സിൻ ലഭിച്ചിട്ടുള്ളൂ എന്നതും സർക്കാരിന്‍റെ ആശങ്ക വർധിപ്പിക്കുന്നുണ്ട്.
ഡെൽറ്റ ഭീഷണി നിലനിൽക്കുമ്പോഴും അതിർത്തികൾ തുറന്ന് രാജ്യത്തെ തൊഴിൽ ക്ഷാമം പരിഹരിക്കാനും അതുവഴി സമ്പദ്‌വ്യവസ്ഥ നേരിടുന്ന ആഘാതം ലഘൂകരിക്കാനും ആയിരിക്കും സർക്കാർ ശ്രമിക്കുക.