ന്യൂഡല്‍ഹി: ഓഹരികള്‍ വില്‍ക്കുന്നതിന്‍റെ ഭാഗമായി പുതിയ നിയമങ്ങള്‍ അവതരിപ്പിച്ച് ദേശീയ എയര്‍ലൈന്‍സായ എയര്‍ ഇന്ത്യ. ജീവനക്കാരുടെ പ്രമോഷന്‍ ഒഴിവാക്കുക, പുതിയ നിയമനങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ നിയമങ്ങളാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ പതിനായിരത്തോളം സ്ഥിരജീവനക്കാരാണ് എയര്‍ ഇന്ത്യയില്‍ ജോലി ചെയ്യുന്നത്.
അടുത്ത അഞ്ച് മാസത്തിനുള്ളില്‍ തന്നെ കമ്പനിയുടെ 95 ശതമാനം ഓഹരികളും വില്‍ക്കാനാണ് സര്‍ക്കരിന്‍റെ ശ്രമം. ശേഷിക്കുന്ന അഞ്ച് ശതമാനം ഓഹരി ജീവനക്കാരുടെ കൂട്ടായ ഉടമസ്ഥതതയിലേക്ക് മാറ്റും. 50,000 കോടിയോളം കടബാധ്യത നിലവലില്‍ കമ്പനിക്കുണ്ട്. ഒരു ദിവസത്തെ ജീവനക്കാരുടെ ശമ്പളം തന്നെ 15 കോടിയോളം രൂപ വരുമെന്നാണ് വിലയിരുത്തല്‍.
അതേ സമയം കമ്പനിയുടെ ഓഹരികള്‍ വില്‍ക്കാനുള്ള കേന്ദ്ര മന്ത്രിസഭാ സമിതിയുടെ തലവനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ അടുത്തിടെ നിയമിച്ചിരുന്നു. മുന്‍ തലവനായ നിതിന്‍ ഗഡ്ഗരിയെ സമിതിയില്‍ നിന്ന് ഒഴിവാക്കിയാണ് അമിത് ഷായുടെ നിയമനം. ധനമന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.