ഹൈദരാബാദ്: മത്സ്യ കര്‍ഷകരെ സഹായിക്കാന്‍ പുത്തന്‍ സാങ്കേതിക വിദ്യകളുടെ സഹായവുമായി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്‌മെന്റ് ആന്‍റ് പഞ്ചായത്തിരാജ് (എന്‍ഐആര്‍ഡിപിആര്‍). കൊച്ചി യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി വികസിപ്പിച്ചെടുത്ത ‘ബാക്യാർഡ് റീ-സർക്കുലേറ്ററി അക്വാകൾച്ചർ സിസ്റ്റം’ ആണ് ഇവര്‍ കര്‍ഷകര്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. മത്സ്യകര്‍ഷകരെ ഏറെ സഹായിക്കുന്ന വിധത്തില്‍ വെള്ളം കുറവുള്ള സാഹചര്യത്തില്‍ തന്നെ മീനുകളെ ധാരാളമായി വളര്‍ത്തിയെടുക്കാന്‍ സാധിക്കും വിധത്തിലായിരുന്നു ഈ പദ്ധതി തയ്യാറാക്കിയിരുന്നത്. വ്യത്യസ്ത ഇനങ്ങളിലും വലുപ്പത്തിലുമുള്ള മത്സ്യങ്ങളെ ചെറിയ കൂടുകളിലാക്കി കുളങ്ങളിലും മറ്റും വളര്‍ത്തിയെടുക്കുന്ന രീതിയാണിത്. പുതിയ പദ്ധതിയിലൂടെ കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാനും നിലവില്‍ നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാനും സാധിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു.
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക മാത്രമാണ് പുതിയ പദ്ധതിയിലൂടെ തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് എന്‍ഐആര്‍ഡിപിആര്‍ ഡയറക്ടര്‍ ജനറല്‍ ഡബ്ല്യു ആര്‍ റെഡ്ഡി പറഞ്ഞു. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്താല്‍ പ്രതിവർഷം മൂന്ന് ചക്രങ്ങളിലായി 120 ദിവസം സംഭരണ കാലയളവിൽ പ്രതിമാസം 25,750 രൂപ വരെ വരുമാനമായി കര്‍ഷകര്‍ക്ക് പ്രതീക്ഷിക്കാമെന്നും ഇവര്‍ പറയുന്നു.