ന്യൂഡൽഹി: ടാറ്റാ-മിസ്ട്രി കേസിലെ വിധിന്യായത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് രജിസ്ട്രാർ ഓഫ് കമ്പനി(ആർഒസി) സമർപ്പിച്ച ഹർജി ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണൽ തള്ളി. 2019 ഡിസംബർ 18 ലെ വിധിന്യായത്തിൽ ഭേദഗതി വരുത്തുക എന്ന ആർഒസി വാദത്തിൽ അടിസ്ഥാനമില്ലെന്ന് രണ്ട് അംഗ എൻസിഎൽടി ബെഞ്ച് അറിയിച്ചു.
ഡിസംബർ 18 ന് ട്രൈബ്യൂണൽ സൈറസ് മിസ്ട്രിയെ ടാറ്റാ ഗ്രൂപ്പിന്‍റെ എക്‌സിക്യൂട്ടീവ് ചെയർമാനായി പുന:സ്ഥാപിക്കാൻ വിധിക്കുകയും ടാറ്റാ സൺസിനെ ഒരു പൊതു കമ്പനിയിൽ നിന്ന് സ്വകാര്യ കമ്പനിയായി പരിവർത്തനം ചെയ്യുന്നത് നിയമവിരുദ്ധമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു.
ടാറ്റാ സൺസിനെ കൂടാതെ, ചെയർമാൻ രത്തൻ ടാറ്റയും എൻസിഎൽടി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. 172 പേജുള്ള വിധിന്യായത്തിൽ എൻസിഎൽടി ഉപയോഗിച്ച "നിയമവിരുദ്ധം", "ആർഒസി യുടെ സഹായത്തോടെ" എന്നീ രണ്ട് വാക്കുകൾ ഇല്ലാതാക്കണം എന്നതായിരുന്നു കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കീഴിലുള്ള ആർഒസിയുടെ ആവശ്യം.