മുംബൈ: 'മുംബൈ 24 അവേഴ്‌സ്' നയത്തിന് മഹാരാഷ്ട്ര മന്ത്രിസഭ ബുധനാഴ്‌ച അംഗീകാരം നൽകി. മാളുകൾ, മൾട്ടിപ്ലക്‌സുകൾ, ഷോപ്പുകൾ എന്നിവ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുന്നതാണ് നയം. 'മുംബൈ 24 അവേഴ്‌സ്' പ്രകാരം ജനുവരി 27 മുതൽ മുഴുവൻ സമയവും മാളുകൾ ഉൾപ്പടെയുള്ളവ തുറന്നു പ്രവർത്തിക്കും.
ലണ്ടനിലെ 'നൈറ്റ് എക്കണോമി' അഞ്ച് ബില്യൺ പൗണ്ട് ആണെന്ന് ചൂണ്ടിക്കാട്ടിയ സംസ്ഥാന ടൂറിസം മന്ത്രി ആദിത്യ താക്കറെ സർക്കാരിന്‍റെ തീരുമാനം സേവനമേഖലയിൽ നിലവിലുള്ള അഞ്ച് ലക്ഷം പേർക്ക് പുറമേ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കാനും വരുമാനം കൂടാനും സഹായിക്കുമെന്നും പറഞ്ഞു. ആദ്യ ഘട്ടത്തിൽ, നോൺ റെസിഡൻഷ്യൽ ഏരിയകളിൽ സ്ഥിതിചെയ്യുന്ന മാളുകളിലെ ഷോപ്പുകൾ, ഭക്ഷണശാലകൾ, തിയേറ്ററുകൾ എന്നിവ 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്ന് ആദിത്യ താക്കറെ പറഞ്ഞു.