ന്യൂയോർക്ക് : സ്‌പീച്ച് റെക്കഗനിഷന്‍ കമ്പനിയായ ന്യൂവാൻസിന്‍റെ ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കി മൈക്രോസോഫ്‌റ്റ്. ഏകദേശം 16 ബില്യൺ ഡോളറിന് ഉറപ്പിച്ച ഇടപാട് കഴിഞ്ഞ വർഷമാണ് പ്രഖ്യാപിച്ചത്. ന്യൂവാൻസിന്‍റെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മെഡിക്കൽ ഡിക്‌റ്റേഷൻ, ട്രാൻസ്‌ക്രിപ്ഷൻ ടൂളുകൾ ആശുപത്രികളിലും ആരോഗ്യ പരിപാലന മേഖലയിലും വേരുറപ്പിക്കാൻ മൈക്രോസോഫ്റ്റിനെ സഹായിക്കുന്നതാണ്.
2016ൽ കരിയർ നെറ്റ്‌വർക്കിങ് സേവനമായ ലിങ്ക്ഡ്ഇൻ 26 ബില്യൺ ഡോളറിന് വാങ്ങിയതിന് ശേഷമുള്ള മൈക്രോസോഫ്റ്റിന്‍റെ രണ്ടാമത്തെ ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഇത്. അതേസമയം മാർക്ക് ബഞ്ചമിൻ ന്യൂവാൻസിന്‍റെ സിഇഒ ആയി തുടരും.
ഒരു ദശാബ്ദത്തിന് മുമ്പ് തന്നെ ഐഫോണുകളിൽ റിലീസ് ചെയ്‌ത ന്യൂവാൻസിന്‍റെ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയാണ് ആപ്പിളിന്‍റെ സിരി ഡിജിറ്റൽ വോയ്‌സ് അസിസ്റ്റന്‍റിന്‍റെ പ്രവർത്തനത്തെ സഹായിക്കുന്നത്. ബർലിങ്‌ടൺ, മസാച്യുസെറ്റ്‌സ് ആസ്ഥാനമായുള്ള ന്യൂവാൻസ് ഏറ്റെടുക്കുന്നതായി 2021 ഏപ്രിലിലാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്.
ALSO READ: റഷ്യയുടെ വിലക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫേസ്ബുക്ക്
എന്നാൽ, യുകെ വിപണിയിൽ മത്സരം ഗണ്യമായി കുറയ്ക്കാൻ ഏറ്റെടുക്കൽ കാരണമാകുമോ എന്നതിനെക്കുറിച്ച്, ബ്രിട്ടീഷ് ആന്റിട്രസ്റ്റ് റഗുലേറ്റർമാർ അന്വേഷണം ആരംഭിച്ചത് തിരിച്ചടിയായി. തുടർന്ന് ബുധനാഴ്‌ച കരാർ അംഗീകരിച്ചതായി ബ്രിട്ടീഷ് ഏജൻസി അറിയിക്കുകയായിരുന്നു. മൈക്രോസോഫ്റ്റും ന്യൂവാൻസും വളരെ വ്യത്യസ്തമായ ഉത്പന്നങ്ങള്‍ വാഗ്‌ദാനം ചെയ്യുന്നുവെന്നും ഇത് വിപണികളിൽ ശക്തമായ മത്സരത്തിന് കാരണമാകുന്നുവെന്നും യൂറോപ്യൻ യൂണിയന്‍റെ ഉന്നത വൃത്തങ്ങള്‍ അറിയിച്ചു.
ഈ വർഷവും തങ്ങളുടെ ഏറ്റെടുക്കൽ തുടരുന്നതിന്‍റെ ഭാഗമായി, വീഡിയോ ഗെയിം നിർമാണ കമ്പനിയായ ആക്‌ടിവിഷൻ ബ്ലിസാർഡ് വാങ്ങാൻ ഏകദേശം 70 ബില്യൺ ഡോളർ ചെലവഴിക്കുമെന്ന് ജനുവരിയിൽ മൈക്രോസോഫ്റ്റ് അറിയിച്ചിരുന്നു. അതേസമയം വാഷിങ്‌ടണിലെ റെഡ്‌മണ്ട് ആസ്ഥാനമായുള്ള മൈക്രോസോഫ്‌റ്റിന്‍റെ ഓഹരി വിപണിയിൽ വെള്ളിയാഴ്‌ച നേരിയ ഇടിവ് രേഖപ്പെടുത്തി.