ന്യൂഡൽഹി: കോർപ്പറേറ്റ് നികുതി നിരക്കിൽ ഇളവുകൾ ലഭിക്കുന്നതിനായുള്ള നികുതി നിയമ ഭേദഗതി ബിൽ തിങ്കളാഴ്‌ച ലോക്‌സഭ പാസാക്കി. ആദായനികുതി നിയമം 1961, സാമ്പത്തിക നിയമം(2) 2019 എന്നീ നിയമങ്ങൾ ഭേദഗതി ചെയ്‌ത് നികുതി നിയമ ഭേദഗതി ബിൽ, 2019 നിലവിൽ വരും.
ആറ് വർഷത്തെ താഴ്ന്ന വളർച്ചയിൽ നിന്ന് സമ്പദ്‌വ്യവസ്ഥയെ മെച്ചപ്പെടുത്താൻ 1.45 ലക്ഷം കോടി രൂപയുടെ നികുതിയിളവ് നൽകി സർക്കാർ സെപ്റ്റംബറിൽ കോർപ്പറേറ്റ് നികുതി നിരക്ക് 10 ശതമാനം വരെ കുറച്ചിരുന്നു. നിലവിലുള്ള കമ്പനികളുടെ അടിസ്ഥാന നികുതി നിരക്ക് 30 ശതമാനത്തിൽ നിന്നും 22 ശതമാനമായും 2019 ഒക്‌ടോബർ ഒന്നിന് ശേഷം ചേർത്ത പുതിയ നിർമാണ കമ്പനികളുടെ നികുതി നിരക്ക് 25 ശതമാനത്തിൽ നിന്നും 15 ശതമാനമായി കുറക്കുകയും ചെയ്‌തു. കുറഞ്ഞ നികുതി നിരക്ക് തെരഞ്ഞെടുക്കുന്ന കമ്പനികൾക്ക് മറ്റ് ആനുകൂല്യങ്ങൾ അവകാശപ്പെടാൻ സാധിക്കില്ല.