കൊച്ചി: കേരളം രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് ഡെസ്‌റ്റിനേഷനെന്ന് റിപ്പോര്‍ട്ട്. ടൈ കേരളയുമായി സഹകരിച്ച് ഡിജിറ്റൽ മീഡിയ പ്ലാറ്റ്‌ഫോം ഇങ്ക് 42 തയ്യാറാക്കിയ റിപ്പോർട്ടിലാണ് കേരളം ഇന്ത്യയിലെ മികച്ച സ്റ്റാർട്ടപ്പ് ഡെസ്‌റ്റിനേഷനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്. 2012 മുതൽ ഈ രംഗത്തെ മെത്തം വാർഷിക വളർച്ച 17 ശതമാനമാണെന്നും സംസ്ഥാനത്തെ മൊത്തം സംരംഭങ്ങളുടെ എണ്ണം 2,200 ആയി വർധിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 2018 ന് ശേഷം സ്റ്റാർട്ടപ്പുകളുടെ എണ്ണം 35 ശതമാനത്തോളം ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. ശനിയാഴ്ച കൊച്ചിയിൽ നടന്ന ടൈകോൺ കേരള 2019 വേദിയിലാണ് കേരള സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം 2019 റിപ്പോർട്ട് ഡോ. സുബ്രഹ്മണ്യൻ സ്വാമി എംപി പുറത്തിറക്കിയത്. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) സാജി ഗോപിനാഥും ചടങ്ങിൽ പങ്കെടുത്തു. 2018 നെ അപേക്ഷിച്ച് ഈ വർഷം സെപ്‌തംബര്‍ വരെ കേരളം ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുകൾ 89 ദശലക്ഷം യുഎസ് ഡോളർ സമാഹരിച്ചതായും 2019 ൽ സ്റ്റാർട്ടപ്പുകൾ 13 ഡീലുകളിലായി 44 ദശലക്ഷം യുഎസ് ഡോളർ ധനം സമാഹരിച്ചിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
പുതുക്കിയ കേരള സ്റ്റാർട്ടപ്പ് പോളിസി (ടെക്നോളജി ഇന്നൊവേഷൻ ആൻഡ് എന്റർപ്രണർഷിപ്പ് പോളിസി) അനുസരിച്ച് സംസ്ഥാനത്തെ ടെക്നോളജി സ്റ്റാർട്ടപ്പുകളെ തിരിച്ചറിയുന്നതിനും പിന്തുണയ്ക്കുന്നതിനുമായി കെഎസ്‌യുഎം വിവിധ പദ്ധതികൾ നടപ്പിലാക്കി. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ മാത്രം 200 ഓളം സ്റ്റാർട്ടപ്പുകൾക്ക് കെഎസ്‌യുഎം ധനസഹായം നൽകിയതായി ഇലക്‌ട്രോണിക്‌സ്, ഐടി സെക്രട്ടറി എം. ശിവശങ്കർ പറഞ്ഞു. നിക്ഷേപ അവസരങ്ങൾ ഉറപ്പുവരുത്തുന്നതിനായി കെഎസ്‌യുഎം ഇതര നിക്ഷേപ ഫണ്ട് (AIF) എന്ന നൂതന പദ്ധതി മുന്നോട്ട് വച്ചിട്ടുണ്ട്. വരുന്ന നാല് വർഷത്തേക്കായി സ്റ്റാർട്ടപ്പുകൾക്കായി കേരള സർക്കാർ 1,000 കോടിയിലധികം നിക്ഷേപം മാറ്റി വച്ചതായും അധികൃതര്‍ പറഞ്ഞു.