ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസായ ഒലക്ക് ബംഗളൂരുവില്‍ നിരോധനം. ആറ് മാസക്കാലയളവിലേക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കമ്പനിക്ക് അനുവദിച്ചിരുന്ന കാബ് അഗ്രഗേറ്റിന്‍റെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതായി സംസ്ഥാന ഗതാഗതവകുപ്പ് അറിയിച്ചു.
ടാക്സി ലൈസന്‍സിംഗ് നിയമങ്ങള്‍ ലംഘിക്കുന്നു എന്ന് ആരോപിച്ചാണ് കര്‍ണാടക സര്‍ക്കാര്‍ കമ്പനിക്കെതിരെ നടപടി സ്വീകരിച്ചത്. ടാക്സി സര്‍വ്വീസുകള്‍ക്ക് കാറുകള്‍ മാത്രം ഉപയോഗിക്കണമെന്നായിരുന്നു നിയമം. എന്നാല്‍ ഈ നിയമം ലംഘിച്ച് ബൈക്ക് രംഗത്തിറക്കിയതിന്‍റെ പേരിലാണ് ഒലക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്‍റെ നടപടിയുടെ ഫലമായി 35000ത്തോളം ടാക്സീ ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു എന്ന് ഒല പറയുന്നു. ഇവരുടെ ഉപജീവനത്തിനായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്ന് ഒല പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറയുന്നു.
മൂന്ന് ആഴ്ച മുമ്പാണ് ഒല നഗരത്തില്‍ ഇരുചക്രവാഹനങ്ങളുടെ ടാക്സി സര്‍വ്വീസുകള്‍ ആരംഭിച്ചത്. നിയമപരമായ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കിയതിന് ശേഷമായിരുന്നു പദ്ധതി നടപ്പിലാക്കിയതെന്നും പ്രസ്ഥാവനയില്‍ ഒല പറയുന്നുണ്ട്.