ന്യൂഡൽഹി: ജൂലൈ മാസത്തിൽ മാസ ശമ്പളമുള്ള അഞ്ച് മില്യൺ ആളുകളുടെ ജോലികൾ നഷ്‌ടമായെന്ന് സെന്‍റർ ഫോർ മോണിറ്ററിങ് ഇന്ത്യ എക്കണോമിയുടെ റിപ്പോർട്ട്. ലോക്ക് ഡൗൺ ആരംഭം മുതൽ ജോലികൾ നഷ്‌ടമാകാൻ തുടങ്ങിയെന്നും ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കണക്കുകൾ പ്രകാരം 18.9 മില്യൺ ആളുകൾക്കാണ് ഇത്തരത്തിൽ തൊഴിൽ നഷ്‌ടപ്പെട്ടെന്നുമാണ് സെന്‍റർ ഫോർ മോണിറ്ററിങ് ഇന്ത്യ ഇക്കണോമിയുടെ റിപ്പോർട്ട്.
മാസശമ്പളം ലഭിക്കുന്ന ജോലികൾ നഷ്‌ടപ്പെട്ടതിനെ തുടർന്ന് ജീവനക്കാർ ആശങ്കയിലാണ്. ഇത്തരത്തിലുള്ള ജോലികൾ വീണ്ടും ലഭിക്കാൻ ബുദ്ധിമുട്ടാണെന്നും റിപ്പോർട്ടിലുണ്ട്. മാസ ശമ്പളമുള്ള ജോലികൾ 2019-20ലെ ശരാശരിയേക്കാൾ 19 ദശലക്ഷം കുറവാണ്. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ 22 ശതമാനം കുറവാണ് ഇതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി.
ദിവസക്കൂലി തൊഴിലാളികൾ, കച്ചവടക്കാർ, ചെറുകിട തൊഴിലാളികൾ എന്നിവരെയും മഹാമാരി കാര്യമായി ബാധിച്ചിട്ടുണ്ട്. തുടർന്ന് എല്ലാ സാമ്പത്തിക പ്രവർത്തനങ്ങളും അവതാളത്തിലാണ്. ജൂലൈ മാസത്തിലുണ്ടായ മൊത്തം 121.5 മില്യൺ ജോലി നഷ്‌ടത്തിൽ 91.2 മില്യണും ഈ മേഖലയിലാണ് സംഭവിച്ചത്. മൊത്തം തൊഴിലിന്‍റെ 32 ശതമാനമാണിത്. ഏപ്രിൽ മാസത്തിൽ ഇത് 75 ശതമാനം തൊഴിലിനെയും ബാധിച്ചു. അസംഘടിത മേഖലയിലെ തൊഴിൽ നഷ്‌ടം കണക്കുകളേക്കാൾ കൂടുതലാണെന്നും സമ്പദ് വ്യവസ്ഥയെ സജീവമായി നിർത്തുന്നത് ഈ മേഖലയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
അൺലോക്ക് പ്രകിയയിലൂടെ അസംഘടിത മേഖലയിലേക്ക് മെയ് മാസത്തിൽ 14.4 മില്യൺ ആളുകൾക്കും ജൂണിൽ 44.5 മില്യൺ ആളുകൾക്കും ജൂലൈയിൽ 25.5 മില്യൺ ആളുകളും ജോലിയിലേക്ക് തിരിച്ചെത്താനായി. ഇനി 6.8 മില്യൺ ആളുകൾക്ക് മാത്രമേ ജോലി ലഭ്യമാകാനുള്ളുവെന്നും റിപ്പോർട്ടിൽ പറയുന്നു.