ന്യൂഡൽഹി: വ്യാപാര പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിനും കള്ളപണം വെളുപ്പിക്കുന്നതും തീവ്രവാദത്തിനുള്ള ധനസഹായത്തെ ചെറുക്കുന്നതിനുമുള്ള സഹായസഹകരണങ്ങൾ വർധിപിക്കുന്നതിനും ഇന്ത്യയും അമേരിക്കയും വെള്ളിയാഴ്‌ച കൂടിക്കാഴ്‌ച നടത്തി. സാമ്പത്തിക പങ്കാളിത്തവുമായി ബന്ധപെട്ട് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഏഴാമത്തെ യോഗമാണിത്.
ഇന്ത്യയുടെ സാമ്പത്തിക വളർച്ചയും പൊതുമേഖലാ ബാങ്കുകളുടെ പുനർ മൂലധനവൽക്കരണവും സർക്കാർ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ ലയനം ഉൾപ്പെടെയുള്ള പദ്ധതികളും സാമ്പത്തിക മേഖലയിലെ പുരോഗമനത്തിനായി രാജ്യം സ്വീകരിച്ച മാർഗങ്ങളും യോഗത്തിൽ ചർച്ച ചെയ്‌തു. മൂലധന ഒഴുക്ക്, നിക്ഷേപ വർധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, സാമ്പത്തിക അന്തരീക്ഷം എന്നീ വിഷയങ്ങളെക്കുറിച്ചും ഇരു രാജ്യങ്ങളും ചർച്ച ചെയ്‌തു. ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും അമേരിക്കൻ പ്രതിനിധി സംഘത്തെ അമേരിക്കയുടെ ട്രഷറി സെക്രട്ടറി സ്‌റ്റീവൻ മ്യുചിനുമാണ് നയിച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വർധിപിക്കുകയായിരുന്നു ഏഴാമത്തെ യോഗത്തിന്‍റെ ഉദ്ദേശം. രാജ്യങ്ങൾ തമ്മിൽ നിലനിൽക്കുന്ന സാമ്പത്തിക ബന്ധം കൂടുതൽ ദൃഢമാക്കുക, സാമ്പത്തിക സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുക എന്നീ കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്‌തു. ഇന്ത്യയുടെ സാമ്പത്തിക വീക്ഷണങ്ങൾ, ആഗോള കടത്തിന്‍റെ താങ്ങിനിർത്തൽ, സാമ്പത്തിക മേഖലയിലെ പരിഷ്‌കാരങ്ങൾ, മൂലധന ഒഴുക്ക് വർധിപിക്കൽ, നിക്ഷേപങ്ങൾ എന്നിങ്ങനെയുള്ള നിരവധി വിഷയങ്ങളിൽ ഇരുപക്ഷവും ആഴത്തിലുള്ള കാഴ്‌ചപാടുകൾ യോഗത്തിൽ പങ്കുവെച്ചു. 2022ൽ ജി 20 യുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് കയറാൻ ഇന്ത്യ ഒരുങ്ങുമ്പോൾ ഇന്ത്യയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് അമേരിക്ക അറിയിച്ചു. സാമ്പത്തിക പങ്കാളിത്ത യോഗത്തിനു ശേഷം ഉഭയകക്ഷി ബന്ധം, സമ്പദ്‌വ്യവസ്ഥ, സാമ്പത്തിക സുരക്ഷ എന്നിവ ശക്തിപ്പെടുത്തുന്നതിനായി ഇനിയും കൂടിക്കാഴ്‌ചകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഇരു രാജ്യങ്ങളും അറിയിച്ചു.