ന്യൂഡല്‍ഹി: സ്വിസ് ബാങ്കില്‍ നിക്ഷേപമുള്ള ഇന്ത്യന്‍ പൗരന്മാരുടെ അക്കൗണ്ട് വിവരങ്ങള്‍ ഇന്നു മുതല്‍ ഇന്ത്യക്ക് കൈമാറും. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസിനാണ് (സിബിഡിടി) വിവരങ്ങൾ കൈമാറുക. കള്ളപ്പണത്തിനെതിരായ സർക്കാർ പോരാട്ടത്തിലെ സുപ്രധാന നടപടിയാണിതെന്നും “സ്വിസ് ബാങ്ക് രഹസ്യ യുഗം" സെപ്‌തംബര്‍ മുതൽ അവസാനിക്കുമെന്നും സിബിഡിടി വ്യക്തമാക്കി.
ഓഗസ്റ്റ് 29,30 തിയതികളില്‍ ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ നടത്തിയ കൂടക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. നിക്കോളോ മരിയോ ലസ്ചര്‍ അടങ്ങുന്ന സ്വിസ് പ്രതിനിധികളും സിബിഡിടി ചെയര്‍മാന്‍ പി.സി. മോദി, അഖിലേഷ് രഞ്ജന്‍ എന്നിവരുമാണ് കൂടിക്കാഴ്ചയില്‍ പങ്കെടുത്തത്. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബാങ്ക് അക്കൗണ്ടുകളുള്ള എല്ലാ ഇന്ത്യാക്കാരുടേയും വിവരങ്ങള്‍ ഇന്ത്യന്‍ നികുതി അധികാരികളുമായി കൈമാറുന്നതിനു വേണ്ട നടപടികള്‍ 2018-ന്‍റെ തുടക്കത്തില്‍ തന്നെ ആരംഭിച്ചിരുന്നു.