ന്യൂഡൽഹി: ചരക്കു സേവന നികുതി (ജിഎസ്‌ടി) വരുമാനം നവംബറിൽ 1.03 ലക്ഷം കോടി കടന്നു. മൂന്ന് മാസത്തെ ഇടവേളക്ക് ശേഷമാണ് നവംബറിൽ ആറ് ശതമാനം വർധനവിൽ ജിഎസ്‌ടി വരുമാനം ഒരു ലക്ഷം കോടി കടന്നത്. ഒക്‌ടോബറിലെ വരുമാനം 95,380 കോടി രൂപയാണ്, 2018 നവംബറിൽ ഇത് 97,637 കോടിയായിരുന്നു.
നവംബറിലെ മൊത്ത വരുമാനം 1,03,492 കോടിയാണ്. അതിൽ സിജിഎസ്‌ടി 19,592 കോടിയും, എസ്‌ജിഎസ്‌ടി 27,144 കോടിയും, ഐജിഎസ്‌ടി 49,028 കോടിയും (ഇറക്കുമതിയിലെ വരുമാനം 20,948 കോടി ഉൾപെടെ), നികുതി വരുമാനം 7,727 കോടി (ഇറക്കുമതിയിലെ വരുമാനം 869 കോടി ഉൾപെടെ) രൂപയുമാണ്.
രണ്ട് മാസത്തെ തുടർച്ചയായ താഴ്‌ച്ചക്ക് ശേഷമാണ് 2019 നവംബറിൽ ആറ് ശതമാനം വർധനവുണ്ടായത്. നവംബറിലെ ആഭ്യന്തര ഇടപാടുകളിൽ ജിഎസ്‌ടി വരുമാനത്തിൽ 12 ശതമാനം വർധനവാണുണ്ടായത്. ഈ വർധനവ് ഈ വർഷത്തെ മികച്ച നേട്ടമായി കണക്കാക്കുന്നു.