മുംബൈ: സെൻസെക്‌സ് 700 പോയിന്‍റ് ഉയർന്നു. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവും ആഗോള സൂചകങ്ങളും സെൻസെക്‌സ് ഉയർത്താൻ സഹായിച്ചു.
ആഗോള എണ്ണയുടെ മാനദണ്ഡമായ ബ്രെന്‍റ് ബാരലിന് 53.95 ഡോളർ വരെ ഇടിഞ്ഞു. കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ചൈനയുടെ എണ്ണ ഉപഭോഗം 20 ശതമാനം കുറഞ്ഞതായി വിദഗ്‌ധർ അഭിപ്രായപ്പെട്ടു. ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ രാജ്യം ചൈനയാണ്. ആവശ്യമായ എണ്ണയുടെ 80 ശതമാനത്തോളം ഇന്ത്യയും ഇറക്കുമതി ചെയ്യുന്നു. ഹീറോമോട്ടോകോർപ്, ഐടിസി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, റിലയൻസ് ഇൻഡസ്‌ട്രീസ് എന്നിവയാണ് സെൻസെക്‌സിൽ മികച്ച നേട്ടമുണ്ടാക്കിയത്.
സെൻസെക്‌സ് 40,591.36 എന്ന നിലയിൽ വ്യാപാരം നടത്തി 719.05 പോയിന്‍റ് (1.80 ശതമാനം) ഉയർന്നു. നിഫ്റ്റി 222.05 പോയിന്‍റ് നേടി 11,929.95 എന്ന നിലയിലെത്തി. ചൈനീസ് ഓഹരി വിപണിയിലെ വീണ്ടെടുക്കലിനുശേഷം ഏഷ്യൻ വിപണികൾ ഉയർന്ന തോതിൽ വ്യാപാരം നടത്തി. ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക തിങ്കളാഴ്‌ച എട്ട് ശതമാനം ഇടിഞ്ഞു. കൊറോണ വൈറസ് ബാധയിൽ ചൈനയിലെ മരണനിരക്ക് 400 കടന്നതിനെക്കുറിച്ച് നിക്ഷേപകർ പ്രതികരിച്ചു. വിദേശ നിക്ഷേപകർ തിങ്കളാഴ്‌ച 1,200.27 കോടി രൂപയുടെ ഓഹരികൾ വിറ്റപ്പോൾ ആഭ്യന്തര നിക്ഷേപകർ 1,286.63 കോടി രൂപയുടെ ഓഹരികൾ വാങ്ങി.