ന്യൂഡല്‍ഹി: കുടിശ്ശിക അടയ്ക്കാത്തതിനെ തുടർന്ന് സർക്കാർ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യക്ക് ആറ് വിമാനത്താവളങ്ങളില്‍ നിന്നുള്ള ഇന്ധന വിതരണം ഇന്ത്യന്‍ ഓയില്‍ കോർപ്പറേഷൻ നിറുത്തി വെച്ചു. കൊച്ചി, റാഞ്ചി, മൊഹാലി, പാട്ന, വിശാഖപട്ടണം, പൂനെ എന്നീ വിമാനത്താവളങ്ങളിലാണ് എയര്‍ ഇന്ത്യ കുടുശിക വരുത്തിയിരിക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരം മുതലാണ് ഇന്ധനവിതരണം നിറുത്തിവെച്ചത്. വിഷയത്തില്‍ എയര്‍ലൈന്‍സുകളുടെ ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യന്‍ ഓയില്‍ അധികൃതര്‍ പ്രതികരിച്ചു. അതേ സമയം കുടിശിക തുക എത്രയും വേഗം കെട്ടിവെക്കുമെന്നും ഇതിനായി 60 കോടി രൂപ സമാഹരിച്ചെന്നും എത്രയും പെട്ടെന്ന് ഇത് ഇന്ത്യന്‍ ഓയിലിന് കൈമാറുമെന്നും എയര്‍ ഇന്ത്യ വെളിപ്പെടുത്തി.