ന്യൂഡല്‍ഹി: രാജ്യത്തെ മത്സ്യത്തൊഴിലാളികള്‍ക്കും തീരപ്രദേശങ്ങളിൽ താമസിക്കുന്നവർക്കും പ്രത്യേക തൊഴില്‍ പരിശീലനങ്ങള്‍ നല്‍കുമെന്ന് കേന്ദ്രമന്ത്രി മന്‍ഷുക് ലാല്‍ മന്ദവിയ. ഇന്ത്യയിലാകെ 7300 കിലോമീറ്ററാണ് കടല്‍ തീരമുള്ളത്. ഈ പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗവും കടല്‍ തന്നെയാണ്. ഇത് മുന്നില്‍ കണ്ട് ഇവയെ പ്രോത്സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. ഇതിനായി 10 മുതല്‍ 15 ദിവസം വരെ നീണ്ട് നില്‍ക്കുന്ന പരിശീന ക്യാമ്പാണ് സര്‍ക്കാര്‍ ലക്ഷ്യം വക്കുന്നത്. പരിശീലനത്തില്‍ മികച്ച പ്രകടനം കാഴ്ചവക്കുന്നവര്‍ക്ക് പ്രത്യേക സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് ദേശീയ ഷിപ്പിങ് മന്ത്രാലയവും വെളിപ്പെടുത്തി. സഗാര്‍മാല പദ്ധതി പ്രകാരം മത്സ്യത്തൊഴിലാളികളുടെ എണ്ണം രണ്ട് ലക്ഷമായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഫിലിപ്പിയന്‍സ് പോലുള്ള ചെറിയ രാജ്യങ്ങളില്‍ വരെ എട്ട് ലക്ഷം മത്സ്യത്തൊഴിലാളികള്‍ ഉണ്ടെന്നിരിക്കെ ഇന്ത്യയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
മത്സ്യ ബന്ധനത്തിന് പുറമെ ബോട്ട് നിര്‍മ്മാണത്തിലും ഇവര്‍ക്ക് പരിശീലനം ലഭ്യമാക്കും. ഇതിലൂടെ ഉള്‍നാടന്‍ ജല ഗതാഗതത്തിനും കൂടുതല്‍ സൗകര്യമുണ്ടാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ഒറ്റപ്പെട്ട മേഖലകള്‍ക്കായിരിക്കും കൂടുതല്‍ മുന്‍ഗണന ലഭിക്കുക. കഴിഞ്ഞ വര്‍ഷം 1.54 ലക്ഷം ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളികള്‍ ഈ വര്‍ഷം 2.08 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്. മത്സ്യബന്ധനത്തിന് പരിശീലനം ലഭിച്ചവരുടെ എണ്ണത്തിലും 37 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്.