ബിറ്റ്‌കോയിന്‍റെ പ്രചാരം വർധിച്ചതോടെ ആദ്യ ക്രിപ്റ്റോകറൻസി എടിഎം തുറന്ന് വടക്കേ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസ്. രാജ്യ തലസ്ഥാനമായ ടെഗുസിഗൽപയിലാണ് എടിഎം സ്ഥാപിച്ചത്. ടിജിയു എന്ന കണ്‍സൾട്ടിങ് ഗ്രൂപ്പാണ് എടിഎമ്മിന് പിന്നിൽ.
'ലാ ബിറ്റ്‌കോയിനെറ' എന്ന് പ്രാദേശികമായി അറിയപ്പെടുന്ന ഈ എടിഎമ്മിൽ നിന്ന് ഹോണ്ടുറാൻ കറൻസിയായ ലെംപിര ഉപയോഗിച്ച് ക്രിപ്റ്റോകറൻസികൾ വാങ്ങാം. ഉപഭോക്താക്കൾ മൊബൈൽ നമ്പറോ അല്ലെങ്കിൽ വ്യക്തിഗത തിരിച്ചറിയൽ കാർഡിലുള്ള വിവരങ്ങലോ നൽകണം.
Also Read: മൈക്രോസോഫ്റ്റ് ഓഫിസ് ആപ്പുകൾ ഇനി ക്രോംബുക്കിൽ ഉപയോഗിക്കാനാവില്ല
ബിറ്റ്‌കോയിനും എഥെറിയവുമാണ് എടിഎമ്മിലൂടെ വാങ്ങാനാവുന്ന ക്രിപ്റ്റോകൾ. ഹോണ്ടുറാസിന്‍റെ അയൽരാജ്യമായ എൽ സാൽവദോർ ഇടപാടുകൾക്ക് ബിറ്റ്കോയിൻ ഉപയോഗിക്കുന്നത് നിയമപരമാക്കിയ(legal tender) ആദ്യ രാജ്യമാണ്. കഴിഞ്ഞ ജൂണിലാണ് എൽ സാൽവദോർ കോൺഗ്രസ് ബിറ്റ്കോയിൻ ഇടപാടുകൾ നിയമപരമാക്കിയത്.
നേരിട്ടുള്ള അനുഭവത്തിലൂടെ ആളുകളെ വെർച്വൽ ആസ്തികളെക്കുറിച്ച് ബോധവത്കരിക്കുകയാണ് ലക്ഷ്യമെന്ന് എടിഎം സ്ഥാപിച്ച ടിജിയുവിന്‍റെ ചീഫ് എക്സിക്യൂട്ടീവ് ജുവാൻ മയൻ പറയുന്നു. 2020ൽ വിദേശത്ത് നിന്ന് ഹോണ്ടുറാസുകാർ രാജ്യത്തേക്ക് അയച്ചത് 5.7 ബില്യൺ ഡോളറാണ്. ക്രിപ്റ്റോയിൽ പണം അയക്കുന്നത് ചെലവ് കുറഞ്ഞ മാർഗമാണെന്നും ജുവാൻ മയൻ പറയുന്നു.
ഹോണ്ടുറാസിലെ പല സോഫ്റ്റ്‌വെയർ ഡെവലപ്പർമാരും ഇപ്പോണ ക്രിപ്‌റ്റോകറൻസികളിൽ പ്രതിഫലം സ്വീകരിക്കുന്നുണ്ട്. 35,27,882.40 ഇന്ത്യൻ രൂപയാണ് തിങ്കളാഴ്‌ച ഒരു ബിറ്റ്‌കോയിന്‍റെ മൂല്യം. എഥെറിയത്തിന് 2,33,272.79 രൂപയാണ് ഇപ്പോഴത്തെ വില. 2018ൽ ബെംഗളൂരുവിലെ കെംപ്‌ഫോർട്ട് മാളിൽ യൂനോകോയിനാണ് ഇന്ത്യയിലെ ആദ്യ ബിറ്റ്‌കോയിൻ എടിഎം സ്ഥാപിച്ചത്.