ന്യൂഡല്‍ഹി: അമേരിക്കയുടെ കർശന നിർദ്ദേശത്തെ തുടര്‍ന്ന് ഇറാനുമായി വ്യാപാരബന്ധം അവസാനിപ്പിച്ച ഇന്ത്യ അമേരിക്കയില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യും. കഴിഞ്ഞ മെയ് മാസത്തിലാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങളോട് ഇറാനുമായുള്ള വ്യാപാര ബന്ധം ഉപേക്ഷിക്കാന്‍ അമേരിക്ക ആവശ്യപ്പെട്ടത്.
നിലവില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. ദിവസേന 184,000 ബാരല്‍ എണ്ണയാണ് ഈ വര്‍ഷം ഇന്ത്യ അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വര്‍ഷം ഇത് 40,000 ബാരല്‍ ആയിരുന്നു. ഇന്ത്യ അമേരിക്കയില്‍ നിന്ന് വാങ്ങുന്ന എണ്ണയുടെയും ഗ്യാസിന്‍റെയും അളവ് വര്‍ധിപ്പിക്കണമെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൈക് പൊംപിയോ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം വര്‍ധിപ്പിക്കണമെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വെനസ്വേലയില്‍ എണ്ണയുടെ ഉല്‍പാദനം കുറയുകയും സൗദിയിലെ എണ്ണക്ക് വില വര്‍ധിക്കുകയും ചെയ്തതോടെ നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരാകാന്‍ അമേരിക്കക്ക് സാധിച്ചു. ആയതിനാല്‍ തന്നെ ഇന്ത്യക്ക് അമേരിക്കയെ പരിഗണിക്കാതിരിക്കാന്‍ സാധിക്കില്ല എന്നാണ് നിഗമനം.