മിലാൻ: ചീഫ് എക്‌സിക്യൂട്ടീവ്(സിഇഒ) ലൂയിസ് കാമിലേരി രാജിവച്ചതായി ആഡംബര സ്‌പോർട്‌സ് കാർ നിർമ്മാതാക്കളായ ഫെരാരി അറിയിച്ചു. പുതിയൊരാൾ സ്ഥാനമേൽക്കും വരെ ചെയർമാൻ ജോൺ എൽകാൻ ചീഫ് എക്‌സിക്യൂട്ടീവിന്‍റ ചുമതല കൂടി വഹിക്കും. വ്യക്തിപരമായ കാരണങ്ങളാലാണ് ലൂയിസ് കാമിലേരി രാജവയ്ക്കുന്നതെന്നാണ് ഫെരാരി അറിയിച്ചിരിക്കുന്നത്.
സെർജിയോ മാർച്ചിയോണിന്‍റെ മരണത്തെ തുടർന്ന് 2018ൽ സിഇഒ ആയി ചുമതലയേറ്റ കാമിലേരി, ഫെരാരിയുടെ പ്രധാന സ്പോൺസർമാരിൽ ഒരാളായ ഫിലിപ്പ് മോറിസ് ഇന്‍റർനാഷണലിന്‍റെ ചെയർമാൻ സ്ഥാനത്തുനിന്നും സ്ഥാനമൊഴിയുകയാണെന്ന് അറിയിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലൂയിസ് കാമിലേരി ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണെന്ന് അദ്ദേഹത്തിനോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് അടുത്തിടെ കമ്പനി ഇറ്റലിയിലെ ഉത്പാദന യൂണിറ്റ് പൂട്ടിയിരുന്നു. ഈ സാമ്പത്തിക വർഷത്തിന്‍റ ആദ്യപാദത്തിൽ 200 ദശലക്ഷം ഡോളറിന്‍റെ അറ്റാദായം കമ്പനി നേടിയിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 169 ദശലക്ഷമായിരുന്നു.