വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇ-വിസാ നിയമങ്ങളില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. വെള്ളിയാഴ്ച ടൂറിസം വകുപ്പ് പുറത്തിറക്കിയ പ്രസ്ഥാവനയിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 46 രാജ്യങ്ങളുമായി സഹകരിച്ചായിരുന്നു 2014ല്‍ ഇന്ത്യ ഇ-വിസ സംവിധാനത്തിന് തുടക്കം കുറിച്ചത്. ഇത് 166 രാജ്യങ്ങളായി ഉയര്‍ത്തി.
ഇ-ടൂറിസ്റ്റ്, ഇ-ബിസിനസ് വിസകളില്‍ ഇന്ത്യയിലെത്തുന്ന സഞ്ചാരികള്‍ക്ക് തങ്ങുന്നതിനുള്ള കാലാവധി ദീര്‍ഘിപ്പിച്ചിട്ടുണ്ട്. അറുപത് ദിവസം മാത്രമായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് 90 ദിവസം വരെയാക്കി ഉയര്‍ത്തി. അമേരിക്ക, യുകെ, കാനഡ, ജപ്പാന്‍ എന്നിവിടങ്ങളിലെ സഞ്ചാരികള്‍ക്ക് തുടര്‍ച്ചയായി 180 ദിവസം വരെ ഇന്ത്യയില്‍ തങ്ങാവുന്നതാണ്. വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യം മാത്രമെ സന്ദര്‍ശനം നടത്താവൂ എന്ന നിയമത്തിലും മാറ്റം വരുത്തിയിട്ടുണ്ട്.
നേരത്തെ ഇ-വിസാ സംവിധാനം ഭുവനേശ്വരിലും പോര്‍ട്ട് ബ്ലെയറിലും മാത്രമാണ് ഉണ്ടായിരുന്നത്. ഇത് രാജ്യത്തെ ഇരുപത്തിയെട്ട് എയര്‍പോര്‍ട്ടുകളിലേക്ക് വ്യാപിപ്പിക്കും. കൂടതെ സന്ദര്‍ശന സമയത്ത് വിദേശികള്‍ക്ക് അസുഖം വന്നാല്‍ മെഡിക്കല്‍ വിസയില്ലാതെ തന്നെ ചികിത്സ ഏര്‍പ്പാടാക്കുമെന്നും ടൂറിസം വകുപ്പ് അറിയിച്ചിട്ടുണ്ട്.