അടുത്ത ഖരീഫ് സീസണിനു വേണ്ടിയുള്ള ഇന്ത്യയിലെ വിത്തുല്‍പ്പാദനത്തെ കൊവിഡ് 19 മൂലമുണ്ടായിരിക്കുന്ന പ്രതിസന്ധികള്‍ കാര്യമായി ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിരിക്കുന്നു. വിത്തുകള്‍ സംസ്‌കരിക്കുകയും പാക്കു ചെയ്യുകയും ചെയ്യുന്ന പ്രക്രിയ സമ്പൂര്‍ണ്ണമായി ബാധിച്ചിരിക്കുകയാണ്. വിത്തു സംസ്‌കരണവുമായി വ്യവസായങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ ആവില്ലെങ്കില്‍ അടുത്ത മാസം മുതല്‍ രാജ്യത്തെ വിത്തു വില്‍പ്പന ബുദ്ധിമുട്ടിലാകുമെന്ന് ദേശീയ വിത്തു കോര്‍പ്പറേഷന്‍ ഈയിടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. നിലവിലുള്ള സീസണില്‍ ഒക്‌ടോബര്‍ മുതല്‍ കൃഷി ചെയ്തു വരുന്ന വിത്തു വിളകള്‍ ഇപ്പോള്‍ വിളവെടുപ്പിന്‍റെ ഘട്ടത്തിലാണ്. ഈ വിളവെടുപ്പ് കഴിഞ്ഞാല്‍ സംസ്‌കരണ കേന്ദ്രങ്ങളിലേക്ക് കൃഷിയിടങ്ങളില്‍ നിന്നും വിത്തുകള്‍ അയക്കേണ്ടതുണ്ട്. അവിടെ സംസ്‌കരണവും ഗുണനിലവാര പരിശോധനയും കഴിഞ്ഞാല്‍ മാത്രമേ ഖരീഫ് സീസണു വേണ്ടി അവ വില്‍ക്കാനാവൂ.
തെലങ്കാന കാര്‍ഷിക വകുപ്പ് 7.50 ലക്ഷം ക്വിന്‍റല്‍ വിത്തുകള്‍ ഇളവ് നിരക്കില്‍ കര്‍ഷകര്‍ക്ക് നേരിട്ട് വില്‍ക്കാന്‍ പദ്ധതിയിടുന്നു. ഇത് നടപ്പില്‍ വരുത്തുന്നതിനായി കര്‍ഷകരില്‍ നിന്നും വിത്തുകള്‍ വാങ്ങി അവ സംസ്‌കരണ ശാലകളിലേക്ക് അയക്കേണ്ടതുണ്ട്. വിത്തുകള്‍ അവശ്യ സേവന പട്ടികയിലാണ് ഉള്‍പ്പെടുന്നത്. അവശ്യ സേവനങ്ങള്‍ പതിവ് പോലെ പ്രവര്‍ത്തിക്കുവാന്‍ സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നതിനാല്‍ ഈ അടച്ചിടല്‍ കാലത്ത് വിത്ത് സംസ്‌കരണ ശാലകള്‍ പ്രവര്‍ത്തിക്കുവാനും അനുവദിക്കണമെന്ന് താന്‍ കേന്ദ്ര കൃഷി സെക്രട്ടറിക്കും സംസ്ഥാന കൃഷി മന്ത്രിക്കും എഴുതിയിട്ടുണ്ട് എന്ന് എന്‍.എസ്.സി പ്രസിഡന്‍റ് എന്‍ പ്രഭാകരറാവു പറഞ്ഞു. വിത്ത് കമ്പനികളില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചാല്‍ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നും വിത്തുകള്‍ കൊണ്ടു പോകുന്ന ട്രക്കുകള്‍ പൊലീസ് തടയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പഞ്ചാബില്‍ അടുത്ത മാസം മുതല്‍ പരുത്തി വിളവെടുപ്പ് നടക്കാന്‍ പോവുകയാണ്. ആന്ധ്രപ്രദേശിലും തെലങ്കാനയിലും മെയ് മാസം മുതല്‍ എല്ലാ വിളകള്‍ക്കും വേണ്ട വിത്തുകളുടെ വില്‍പ്പന ആരംഭിക്കും. ഇതെല്ലാം നടപ്പാകണമെങ്കില്‍ വിത്തു കമ്പനികളെ അടച്ചിടലില്‍ നിന്നും ഒഴിവാക്കണം. വിത്തുകള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിതരണം ചെയ്യേണ്ടതിനാല്‍ സംസ്ഥാനന്തര ഗതാഗതവും അനുവദിക്കണമെന്ന് റാവു സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. തെലങ്കാന സംസ്ഥാന വിത്ത്, ഓര്‍ഗാനിക് സര്‍ട്ടിഫിക്കേഷന്‍ അതോറിറ്റിയുടെ ഡയറക്ടറായ കേശവുലുവും ഈ പ്രശ്‌നങ്ങള്‍ എല്ലാം തന്നെ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
തെലങ്കാനക്ക് വേണ്ടി 1.10 കോടി പരുത്തി വിത്ത് പാക്കറ്റുകള്‍ തയ്യാറാക്കുവാന്‍ വിത്ത് കമ്പനികള്‍ക്ക് ഈയിടെ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട് കാര്‍ഷിക വകുപ്പ്. ഈ കമ്പനികള്‍ തങ്ങളെ അടച്ചിടലില്‍ നിന്ന് ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.