ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു മാസം 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ ഇനി മുതല്‍ പണമടക്കേണ്ട എന്ന പ്രഖ്യാപനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. പുതിയ പ്രഖ്യാപനം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്നും ഡല്‍ഹി മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു മാസം 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ പണം നല്‍കേണ്ട, 200 യൂണിറ്റിനും 400 യൂണിറ്റിനും ഇടയില്‍ ഉപയോഗിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ 50 ശതമാനം സബ്‌സിഡി നല്‍കും എന്നിങ്ങനെയാണ് പ്രഖ്യാപനങ്ങള്‍. 2013ല്‍ ഡല്‍ഹിയിലെ ജനങ്ങള്‍ 200 യൂണിറ്റ് വൈദ്യുതിക്കായി 928 രൂപയാണ് നല്‍കിയിരുന്നത്. എന്നാല്‍ ആംആദ്മി സര്‍ക്കാര്‍ ഭരണടത്തിലെത്തിയതോടെ ഇത് 622 രൂപയായി ചുരുങ്ങി നാളെ മുതല്‍ ഇവ സൗജന്യമായി ജനങ്ങള്‍ക്ക് ലഭിക്കും എന്ന് അദ്ദേഹം പറഞ്ഞു.
ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ ഡല്‍ഹിയിലെ വൈദ്യുത ബോര്‍ഡുകള്‍ നഷ്ടത്തിലും വൈദ്യുത ഉല്‍പാദനം വളരെ മോശവും ആയിരുന്നു. ആ അവസ്ഥയില്‍ നിന്ന് 200 യൂണിറ്റ് വരെയുള്ള വൈദ്യുതി സൗജന്യമായി നല്‍കാനുള്ള പ്രാപ്തിയിലേക്ക് ഇന്ന് ഡല്‍ഹിയിലെ വൈദ്യുത ബോര്‍ഡ് വളര്‍ച്ച കൈവരിച്ചെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.