മുംബൈ: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് ജൂലൈ അഞ്ചിന് അവതരിപ്പിക്കാനിരിക്കെ ഇന്ത്യന്‍ ആരോഗ്യ മേഖലക്കായി എന്തായിരിക്കും ബജറ്റില്‍ നീക്കി വെക്കുക. അയല്‍ രാജ്യങ്ങളായ ശ്രീലങ്കയും ഭൂട്ടാനും യഥാക്രമം ജിഡിപിയുടെ 1.6 ശതമാനവും 2.5 ശമാനവും ആരോഗ്യമേഖലക്കായി ചിലവഴിക്കുമ്പോള്‍ 1.4 ശതമാനം മാത്രമാണ് ഇന്ത്യ ആരോഗ്യ മേഖലക്കായി മാറ്റിവയ്ക്കുന്നത്.
എന്നാല്‍ കഴിഞ്ഞ കുറച്ച് ബജറ്റുകള്‍ പരിഗണക്കുമ്പോള്‍ ആരോഗ്യ മേഖലക്കായി നീക്കിവയ്ക്കുന്ന തുകയില്‍ വര്‍ധനവ് വന്നിട്ടുള്ളതായും കാണാന്‍ സാധിക്കും. ഒന്നാം മോദി സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റില്‍ 61,398 കോടിയാണ് ആരോഗ്യ മേഖലക്കായി മാറ്റിവെച്ചത്. ആയുഷ്‌മാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ആരോഗ്യ മേഖലക്കായി മാറ്റിവയ്ക്കുന്ന വിഹിതത്തിലും വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷ.
ആരോഗ്യ മേഖലക്ക് അത്യാവശ്യമായി വേണ്ട പ്രഖ്യാപനങ്ങള്‍
1. അടിസ്ഥാന സൗകര്യം
രാജ്യത്തെ ഭൂരിഭാഗം ഗ്രാമപ്രദേശങ്ങളുടെ ആരോഗ്യ മേഖലകളിലും ഇന്നും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമാകുന്നില്ല. 2016 ലെ കണക്ക് പ്രകാരം ഗ്രാമപ്രദേശങ്ങളില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ 22 ശതമാനവും ആരോഗ്യ ഉപകേന്ദ്രങ്ങളുടെ 20 ശതമാനം കുറവുണ്ട്. രാജ്യത്തുടനീളം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളുടെ 30 ശതമാനം കുറവും ഉണ്ട് എന്നാണ് പഠനം സൂചിർപ്പിക്കുന്നത്.
2. വലിയ ബജറ്റ്
ആരോഗ്യ മേഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിന് സ്ഥിരമായ നിരീക്ഷണവും മേൽനോട്ടവും ഉള്ള വലിയ ബജറ്റ് വിഹിതം ആവശ്യമാണ്. മാതൃമരണ നിരക്കും ശിശുമരണനിരക്കുമാണ് ഇന്ത്യ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട വിഷയങ്ങള്‍. കുറഞ്ഞ ചിലവില്‍ ആരോഗ്യ രംഗം മെച്ചപ്പെടുത്തിയ റവാഡ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളെ ഇന്ത്യക്ക് മാതൃക ആക്കാവുന്നതാണ്.
3. ആരോഗ്യ പരിപാലന തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുക
ആരോഗ്യ പരിപാലന തൊഴിലാളികളുടെ ഉത്തരവാദിത്തത്തെ പ്രോത്സാഹിപ്പിക്കാന്‍ റവാഡ ശ്രമിച്ചതിന്‍റെ ഫലമായാണ് അവിടെ ആരോഗ്യ രംഗം മെച്ചപ്പെട്ടത്. ഇതിനായി അവര്‍ ആശുപത്രികളില്‍ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചു. ഇത് പാലിക്കുന്നതിനായി പുരസ്കാരങ്ങളും ഏര്‍പ്പെടുത്തി. തൽഫലമായി, അവരുടെ പ്രകടനം ഗണ്യമായി മെച്ചപ്പെട്ടു. കൂടാതെ പ്രാദേശിക ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള വിവരങ്ങൾ ഗ്രാമീണ ജനതയിലേക്ക് സർക്കാർ എത്തിച്ചു. ഇത് പൊതുജന അവബോധം വർദ്ധിപ്പിച്ചു.
4. തൊഴിലാളികൾക്ക് പരിശീലനം നൽകുക
ആരോഗ്യ പരിപാലന തൊഴിലാളികൾക്ക് പരിശീലനം നൽകിയത് വഴി മികച്ച ആരോഗ്യ രംഗമാണ് എത്യോപ്യ പടുത്തുയര്‍ത്തിയത്. പതിനായിരക്കണക്കിന് തൊഴിലാളികള്‍ക്കാണ് ഇത്തരത്തില്‍ മികച്ച പരിശീലനം നല്‍കിയത്. ഇത് വഴി ശിശുമരണ നിരക്ക് 32 ശതമാനവും മാതൃമരണ നിരക്ക് 38 ശതമാനവും കുറയ്ക്കാൻ അവർക്ക് സാധിച്ചു.