ന്യൂയോര്‍ക്ക്: തായ്‌വാനുമായി നടത്തുന്ന ആയുധ, സൈനീക ബന്ധങ്ങള്‍ അമേരിക്ക അവസാനിപ്പിക്കണമെന്ന് ചൈന. ആയുധ വില്‍പ്പന സംബന്ധിച്ച് ട്രംപ് ഭരണകൂടത്തിന്‍റെ ഉത്തരവ് പെന്‍റഗണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ചൈനീസ് വിദേശകാര്യ വക്താവ് ജെംഗ് ഷുവാങ്ങിന്‍റെ പ്രസ്താവന.
2.2 ബില്യണ്‍ ഡോളറിന്‍റെ വ്യാപാരത്തിനായിരുന്നു അമേരിക്കയും തായ്‌വാനും കൈകോര്‍ത്തത്. കരാര്‍ പ്രകാരം 108 അബ്രാംസ് ടാങ്കുകളും 250 സ്റ്റിംഗര്‍ മിസൈലുകളും അതിന്‍റെ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ അമേരിക്ക തായ്‌വാന് കൈമാറും. എന്നാല്‍ ചൈനയുടെ വിമര്‍ശനത്തിന് പിന്നാലെ പ്രതികരണവുമായി തായ്‌വാനും രംഗത്തെത്തിയിട്ടുണ്ട്. സുരക്ഷാ ചുമതലകള്‍ നിറവേറ്റുന്നതിന് യുഎസ് നല്‍കുന്ന പിന്തുണയാണ് ഇതെന്നായിരുന്നു തായ്‍വാന്‍റെ വിശദീകരണം.