ന്യൂഡൽഹി: റെയിൽവേ സ്റ്റേഷനുകളും പാസഞ്ചർ ട്രെയിനുകളും സ്വകാര്യവൽക്കരിക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്‍റെ നീക്കത്തിനെതിരെ റെയിൽവേ ജീവനക്കാർ പ്രതിഷേധം നടത്തി. 50 റെയിൽവേ സ്റ്റേഷനുകളും 150 പാസഞ്ചർ ട്രെയിനുകളും സ്വകാര്യവൽക്കരിക്കുന്നതിന് എതിരെയാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പ്രതിഷേധപ്രകടനങ്ങൾ നടന്നത്.
50 റെയിൽവേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിൽ എത്തിക്കാനും സ്വകാര്യ പാസഞ്ചർ ട്രെയിൻ ഓപ്പറേറ്റർമാരെ അതിന്‍റെ നെറ്റ്‌വർക്കിൽ 150 ട്രെയിനുകൾ ഓടിക്കാൻ അനുവദിക്കാനുമായുള്ള രൂപരേഖ തയ്യാറാക്കുന്നതിനായി ഒരു നിയുക്തസംഘത്തെ ഈ മാസം ആദ്യം തന്നെ രൂപീകരിച്ചിരുന്നു. പ്രതിഷേധത്തിൽ സെക്രട്ടറിതല കമ്മിറ്റി രൂപീകരിക്കുന്നകതിനുള്ള റെയിൽവേയുടെ അറിയിപ്പ് കത്തിച്ചു.
റെയിൽവേ ജീവനക്കാരുടെ സുരക്ഷ മാത്രമല്ല സംഘടനയുടെ ചുമതലയെന്നും സ്വകാര്യ കമ്പനികൾക്ക് തൃപ്‌തികരമായ സേവനങ്ങൾ യാത്രക്കാർക്ക് നൽകാൻ സാധിക്കില്ലെന്നും അഖിലേന്ത്യാ റെയിൽവേ മെൻസ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ശിവ് ഗോപാൽ മിശ്ര പറഞ്ഞു. 50 റെയിൽവേ സ്റ്റേഷനുകളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനും ഇന്ത്യൻ റെയിൽവേയിൽ സ്വകാര്യ പാസഞ്ചർ ട്രെയിൻ ഓപ്പറേറ്റർമാരെ ലോകോത്തര സാങ്കേതിക വിദ്യ ഉപയോഗിച്ച് 150 ട്രെയിനുകൾ ഓടിക്കാനും അനുവദിക്കുന്നതിനായി റെയിൽവേ മന്ത്രാലയം ഒരു സെക്രട്ടറി സംഘത്തെ രൂപീകരിക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ റെയിൽവേ ഒക്‌ടോബർ പത്തിന് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.