ന്യൂഡൽഹി: 2020 ജനുവരി 23 നകം 15,019 കോടി രൂപ കുടിശ്ശിക നൽകണമെന്ന് ഗുജറാത്ത് നർമദ വാലി ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസിന് (ജിഎൻവിഎഫ്‌സി) ടെലികോം വകുപ്പ് നോട്ടീസ് അയച്ചു.
കമ്പനിയുടെ കൈവശമുള്ള വിഎസ്എറ്റി, ഐഎസ്‌പി ലൈസൻസുകളുമായി ബന്ധപ്പെട്ട് 2005-06 മുതൽ 2018-19 വരെയുള്ള സാമ്പത്തിക വർഷങ്ങളിലെ കുടിശികയാണ് അടക്കേണ്ടത്. കുടിശികയിൽ പലിശ തുകയും ഉൾപ്പെടുന്നു. ഇത് സംബന്ധിച്ച നടപടികൾ തീരുമാനിക്കുന്നതിന് വിഷയത്തിൽ വിദഗ്ദ്ധ നിയമോപദേശം തേടുമെന്ന് കമ്പനി അറിയിച്ചു.
ടെലികോം കമ്പനികളുടെ വാർഷിക എജിആർ കണക്കാക്കുന്നതിന് ടെലികമ്മ്യൂണിക്കേഷൻ ഇതര ബിസിനസുകളിൽ നിന്നുള്ള വരുമാനം ഉൾപ്പെടുത്തണമെന്ന സർക്കാരിന്‍റെ നിലപാട് കഴിഞ്ഞ ഒക്ടോബറിൽ സുപ്രീം കോടതി ശരിവച്ചതിനെത്തുടർന്നാണ് എജിആർ ബാധ്യതകൾ ഉണ്ടായത്, ഇതിൽ ഒരു പങ്ക് ഖജനാവിന് ലൈസൻസും സ്പെക്ട്രം ഫീസുമായി ലഭിക്കും.
ഗെയിൽ, റെയിൽടെൽ, പവർഗ്രിഡ് പോലുള്ള കമ്പനികൾ ഉൾപ്പെടെ എല്ലാ ലൈസൻസികൾക്കും എജിആർ ഓർഡർ ബാധകമാകുമെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കിയിരുന്നു.