ന്യൂഡൽഹി: സവാള, വെളുത്തുള്ളി എന്നിവയുടെ വില വർധനക്ക് ശേഷം ഇറക്കുമതി ചെലവ് കൂടുന്നതിനാൽ ഭക്ഷ്യ എണ്ണയുടെ വില കുത്തനെ ഉയരുന്നു. പാചക എണ്ണ വില ഇനിയും ഉയരുമെന്നാണ് എണ്ണ വ്യവസായ രംഗത്തെ വിദഗ്‌ദർ പറയുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പാം ഓയിൽ വില ലിറ്ററിന് 20 രൂപ (35 ശതമാനത്തിൽ കൂടുതൽ) ഉയർന്നു. ഇത് മറ്റ് ഭക്ഷ്യ എണ്ണകളുടെ വില കുത്തനെ ഉയരാൻ കാരണമായി.
കഴിഞ്ഞ രണ്ട് മാസമായി പാം ഓയിൽ വില വർധിച്ചതിനെത്തുടർന്ന് എല്ലാ ഭക്ഷ്യ എണ്ണകളുടെയും വില വർധിച്ചു. മലേഷ്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നുമുള്ള ഇറക്കുമതി ചെലവ് കൂടിയത് കാരണം ഭക്ഷ്യ എണ്ണവില ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്നും എണ്ണ-എണ്ണക്കുരു വിപണി വിദഗ്‌ദൻ സലീൽ ജെയിൻ പറഞ്ഞു. ഭക്ഷ്യ എണ്ണകളിൽ രാജ്യം സ്വയം പര്യാപ്‌തമാകണമെങ്കിൽ കർഷകർക്ക് അവരുടെ വിളകൾക്ക് മികച്ച വില നൽകണമെന്ന് മറ്റൊരു എണ്ണ വ്യവസായ വിദഗ്‌ദൻ അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര വിപണിയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ചെലവ് കൂടിയതുമൂലം ഭക്ഷ്യ എണ്ണകളുടെ വില ഇന്ത്യയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാലും, കർഷകർക്ക് എണ്ണക്കുരുവിന് ഉയർന്ന വില ലഭിക്കുന്നുവെന്നും ഇത് എണ്ണക്കുരുക്കൾ കൂടുതൽ കൃഷി ചെയ്യാൻ അവരെ പ്രോത്സാഹിപ്പിക്കുമെന്നും സോൾവന്റ് എക്‌സ്‌ട്രാക്റ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ബി.വി. മേത്ത പറഞ്ഞു.
ലോകത്തിലെ ഏറ്റവും കൂടുതൽ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കനത്ത മഴ കാരണം സോയാബീൻ വിളകൾക്ക് നാശനഷ്‌ടമുണ്ടായതിനാൽ ഈ വർഷം ഭക്ഷ്യ എണ്ണ ആവശ്യങ്ങൾക്കായി രാജ്യം ഇറക്കുമതിയെ ആശ്രയിക്കുന്നത് ഇനിയും വർധിക്കാനാണ് സാധ്യത. അർജന്‍റീനയിൽ നിന്നുള്ള സോയ എണ്ണയുടെ കയറ്റുമതി തീരുവ വർധിക്കുന്നത് ഇന്ത്യയിലെ സോയ എണ്ണ ഇറക്കുമതിയുടെ വില വർദ്ധിപ്പിക്കും, ഇത് പാചക എണ്ണയുടെ വില ഇനിയും ഉയരാൻ ഇടയാക്കും. അർജന്‍റീന സോയ എണ്ണയുടെ കയറ്റുമതി തീരുവ 25 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയർത്തിയിരുന്നു. മൾട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിൽ (എംസിഎക്‌സ്) ക്രൂഡ് പാം ഓയിൽ (സിപിഒ) വില ഡിസംബർ 10ന് 10 കിലോക്ക് 543.2 രൂപ ഇടിഞ്ഞു. എന്നാൽ വെള്ളിയാഴ്‌ച സിപിഒ വില 10 ഗ്രാമിന് 744 രൂപ ഉയർന്നു. രണ്ട് മാസത്തിനുള്ളിൽ സിപിഒ വിലയിൽ 37 ശതമാനമാണ് വർധന.
സോൾവന്‍റ് എക്‌സ്‌ട്രാക്റ്റേഴ്‌സിന്‍റെ കണക്കുകൾ പ്രകാരം, ഈ വർഷം നവംബറിൽ സസ്യ എണ്ണ (ഭക്ഷ്യയോഗ്യമല്ലാത്തതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ) എണ്ണ ഇറക്കുമതി 11,27,220 ടണ്ണായിരുന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 11,33,893 ടണ്ണായിരുന്നു. കേന്ദ്ര കൃഷി, കർഷകക്ഷേമ മന്ത്രാലയം കഴിഞ്ഞയാഴ്‌ച പുറത്തുവിട്ട കണക്കുകൾ പ്രകാരം എണ്ണക്കുരുവിളകളുടെ വിസ്‌തീർണ്ണം ഈ വർഷം 68.24 ലക്ഷം ഹെക്‌ടറാണ്, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.47 ലക്ഷം ഹെക്‌ടർ കുറവാണ്.
കഴിഞ്ഞ ഖാരിഫ് സീസണിലെ പ്രധാന എണ്ണക്കുരു വിളയായ സോയാബീന്‍റെ ഉൽപ്പാദനം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം രാജ്യത്ത് 18 ശതമാനം കുറയുമെന്ന് കണക്കാക്കപ്പെടുന്നു. സോയാബീൻ പ്രോസസ്സേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സോപ) യുടെ കണക്കനുസരിച്ച് ഈ വർഷം രാജ്യത്ത് സോയാബീൻ ഉത്പാദനം 89.94 ലക്ഷം ടണ്ണാണ്, ഇത് കഴിഞ്ഞ വർഷത്തെ 109.33 ലക്ഷം ടൺ ഉൽപാദനത്തേക്കാൾ 71.73 ശതമാനം കുറവാണ്.