ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്തെ 136 വിമാനത്താവളങ്ങളിൽ 107ഉം നഷ്ടത്തിലായിരുന്നെന്ന് കണക്കുകൾ. കൊവിഡിനെ തുടർന്ന് ഉണ്ടായ പ്രതിസന്ധിയിൽ വാമാനത്താവളങ്ങൾക്ക് ആകെ ഉണ്ടായ നഷ്ടം 2,948.97 കോടി രൂപയാണ്. ലോക്‌സഭയിൽ ഇതു സംബന്ധിച്ച കണക്കുകൾ വ്യോമയാന മന്ത്രി വികെ സിങ് സമർപ്പിച്ചു.
Also Read: ഘട്ടം ഘട്ടമായി ഡിജിറ്റൽ കറൻസി അവതരിപ്പിക്കുമെന്ന് ആർബിഐ
136 വിമാനത്താവളങ്ങളിൽ 19 വിമാനത്താവളങ്ങൾ ഇക്കാലയളവിൽ പ്രവർത്തിച്ചിരുന്നില്ല. മുൻ വർഷത്തെക്കാൾ നഷ്ടം ഇരട്ടിയാകാൻ കെവിഡ് കാരണമായി. 2020ൽ അവസാനിച്ച സാമ്പത്തിക വർഷം 1,668.69 കോടി രൂപയായിരുന്നു നഷ്ടം. വിമാനത്താവളങ്ങളിൽ ഭൂരിഭാഗവും പൂർണമായും എയർപ്പോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടേതാണ്. അതേസമയം ന്യൂഡൽഹി, മുംബൈ, ബെംഗളൂരു, ചണ്ഡിഗഢ്, നാഗ്‌പൂർ, ഹൈദരാബാദ്, കണ്ണൂർ എന്നിവിടങ്ങളിൽ ഓഹരി പങ്കാളിത്തത്തോടെയാണ് നടത്തിപ്പ്.
ജിഎംആറിന്‍റെ കീഴിലുള്ള ഹൈദരാബാദ്, ഫെയർഫാക്‌സ് ഇന്ത്യ ഹോൾഡിംഗിസ് നടത്തുന്ന ബെംഗളൂരു വിമാനത്താവളങ്ങളുടെ വരുമാന വിവരങ്ങൾ ലഭ്യമായിട്ടില്ല. ലോക്‌സഭയിൽ സമർപ്പിച്ച കണക്കുകൾ പ്രകാരം, ടയർ -1, II നഗരങ്ങളിലെ മിക്ക വിമാനത്താവളങ്ങളും കഴിഞ്ഞ മൂന്ന് വർഷമായി നഷ്ടത്തിലാണ്. രാജ്യത്തെ ഏറ്റവും തിരക്കേറിയ ഡൽഹി വിമാനത്താവളത്തിന്‍റെ നഷ്ടം 317.41 കോടി രൂപയാണ്.
മുംബൈ വിമാനത്താവളം 384.81 കോടിയുടെയും കൊൽക്കത്ത 31.04 കോടിയുടെയും നഷ്ടത്തിലാണ്. തിരുവനന്തപുരം വിമാനത്താവളം 100 കോടി രൂപ നഷ്ടത്തിലാണ്. മുൻ വർഷം 64 കോടി രൂപയുടെ ലാഭം നേടിയ സ്ഥാനത്താണിത്. അതേ സമയം പൂനെ വിമാനത്താവളം 16.09 കോടി രൂപ ലാഭത്തിലാണ്. ജുഹു, ശ്രീനഗർ, പട്‌ന വിമാനത്താവളങ്ങളും ലാഭത്തിലാണ് പ്രവർത്തിക്കുന്നത്.